ഇരിട്ടി സെക്ഷൻ വാച്ചർമാരും പാമ്പ് പിടുത്ത വിദഗ്ധനുമായ ഫൈസൽ വിളക്കോടും ഉടൻ തന്നെ വീട്ടിലെത്തി കിടപ്പുമുറിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടുകയും ചെയ്തു. രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ സി കേളപ്പന്റെ വീട്ടിലാണ് നടക്കുന്ന സംഭവമുണ്ടായത്. ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയിൽ കിടക്കാനായി പോകുമ്പോൾ കട്ടിലിനടിയിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഭീമൻ രാജവെമ്പാലയെ കണ്ടത്. നേരത്തെയും ശബ്ദം കേട്ടെങ്കിലും വീട്ടുകാർ കാര്യമാക്കിയിരുന്നില്ല. എന്നാൽ കിടക്കാൻ സമയത്ത് ഒന്നര മണിയോടെ കാലിൽ കുഴമ്പ് തേക്കവെ തുടർച്ചയായി ശബ്ദം കേട്ടതോടെയാണ് വീട്ടുകാർ കട്ടിലിനടിയിലേക്ക് ടോർച്ച് അടിച്ച് നോക്കിയത്. അപ്പോഴാണ് പത്തിവിടർത്തി ഭീമൻ രാജവെമ്പാലയെ കണ്ടത്. പിന്നീട് വളരെ വേഗത്തിൽ തന്നെ വനംവകുപ്പിനെ അറിയിച്ചതാണ് രക്ഷയായത്.

101 -ാം രാജവെമ്പാലയെ പിടികൂടി ഫൈസൽ വിളക്കോട്

ഇരിട്ടി സെക്ഷൻ വാച്ചർമാരും പാമ്പ് പിടുത്ത വിദഗ്ധനുമായ ഫൈസൽ വിളക്കോടും ഉടൻ തന്നെ വീട്ടിലെത്തി കിടപ്പുമുറിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടുകയും ചെയ്തു. രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. ബി എഫ് ഒ അമൽ, വാച്ചർമാരായ ബാബു, അഭിജിത്, മെൽജോ, സജി എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഫൈസൽ വിളക്കോട് പിടികൂടുന്ന 101 -ാമത്തെ രാജവെമ്പാലയാണിത്. ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്ന് വിട്ടു. ഈ പ്രദേശത്ത് മുമ്പും രാജവെമ്പാലയെ കാണാറുണ്ടെങ്കിലും വീടിനുള്ളിൽ കയറുന്നത് ആദ്യമായിട്ടാണെന്നാണ് നാട്ടുകാർ പറയുന്നത്.