
ഇടുക്കി: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്. നെടുങ്കണ്ടത്തിന് സമീപം എഴുകുംവയലിലാണ് ഇരട്ടക്കൊലപാതകം നടന്നത്. പാറത്തറയില്‍ ആന്റണി (59), ഭാര്യ വത്സമ്മ ( 55) എന്നിവരെയാണ് മകന്‍ അജീഷ് (26) കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം പ്രതി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തതോടെ ആണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി 9:30 ഓടെയാണ് കൊലപാതകം. അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവക വികാരിക്ക് അയച്ചുകൊടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
നാട്ടുകാർ എത്തിയപ്പോൾ പ്രതി കത്തിയുമായി അക്രമാസക്തനായി നിൽക്കുകയായിരുന്നു. നെടുങ്കണ്ടം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് വീടിനുള്ളിലേക്ക് കയറാനായത്. ദമ്പതികളുടെ ശരീരത്തിൽ വെട്ടും കുത്തുമേറ്റിട്ടുണ്ട്. ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിലാണ് മൃതദേഹങ്ങൾ. അജീഷിന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി.
സ്ഥിരം മദ്യപാനിയായിരുന്ന അജീഷ് മദ്യപിച്ചു വീട്ടിൽ ബഹളമുണ്ടാക്കുന്ന പതിവുണ്ടായിരുന്നു. ഇയാളെ അടുത്തിടെ ഡീഅഡിക്ഷൻ സെൻ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഫൊറൻസിക് സംഘമെത്തിയ ശേഷം മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി അയക്കും. പൊലീസ് വീട് പൂട്ടി സീൽ ചെയ്തു. വീടിന് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. അജീഷിൻ്റെ സഹോദരൻ വിദേശത്താണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam