
തൃശൂർ : മദ്യവും നിരോധിത പുകയില ഉത്പന്നമായ ഹാൻസും ഉപയോഗിച്ച് സർവീസ് നടത്തിയ ബസ് ഡ്രൈവറെയും കണ്ടക്ടറെയും കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രണ്ട് ബസ്സുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൂണ്ടൽ പെലക്കാട്ട് പയ്യൂർ സ്വദേശി ആലുക്കൽ വീട്ടിൽ 46 വയസ്സുള്ള ശ്രീകൃഷ്ണനെയും ഇയാൾ ഓടിച്ച എം കെ കെ ബസ്സും, വെള്ളാറ്റഞ്ഞൂർ കുറവന്നൂർ സ്വദേശി കൊടത്തിൽ വീട്ടിൽ 21 വയസ്സുള്ള അജിത്തിനെയും ഇയാൾ കണ്ടക്ടറായി ജോലി ചെയ്യുന്ന ഫീസുമോൻ ബസ്സുമാണ് കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞദിവസം കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് കുന്നംകുളം പൊലീസ് സ്വകാര്യ ബസ്സുകളിൽ പരിശോധന ശക്തമാക്കിയത്. പരിശോധനയ്ക്കിടെയാണ് മദ്യപിച്ച് വാഹനമോടിച്ച ശ്രീകൃഷ്ണനെയും, കണ്ടക്ടർ ജോലിക്കിടെ നിരോധിത പുകയില ഉത്പന്നമായ ഹാൻസ് ഉപയോഗിച്ച അജിത്തിനെയും പൊലീസ് പിടികൂടിയത്. ഇരുവരുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായും വരുംദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam