
ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് ആലുവയിൽ റാലി നടത്തിയ അമ്പതോളം വാഹന ഉടമകൾക്ക് എതിരെ കേസ്. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകൾ നടത്തിയ റാലിയിൽ പങ്കെടുത്ത വാഹന ഉടമകൾക്കെതിരെയാണ് ആലുവ പൊലിസ് കേസെടുത്തത്.
അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് വച്ച് സാഹസിക പ്രകടനം നടത്തിയ കാറുകൾ, സൈലൻസറിൽ ചവിട്ടി നിന്ന് അഭ്യാസപ്രകടനം നടത്തിയ ടൂ വീലറുകൾ, ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ എന്നീ വാഹനങ്ങളുടെ ഉടമകൾക്കാണ് നോട്ടീസയക്കുന്നത്.
ലോകകപ്പ് ആവേശവുമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ നിരവധി പരിപാടികള്‍ നടത്തിയിരുന്നു. ആരാധക മത്സരം കട്ടൌട്ട് പോരിലേക്കും എത്തിയ സാഹചര്യം സംസ്ഥാനത്തുണ്ടായിരുന്നു. ഖത്തർ ലോകകപ്പിന്‍റെ വരവ് അറിയിച്ച് എറണാകുളം പറവൂരിലും ലോകകപ്പ് വിളംബര ജാഥ സംഘടിപ്പിച്ചിരുന്നു.
വിവിധ രാജ്യങ്ങളുടെ ആരാധകർ അതാത് രാജ്യങ്ങളുടെ ജഴ്സി അണിഞ്ഞും, പതാകകൾ വീശിയും ജാഥയിൽ പങ്കാളികളായി. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിളംബര ജാഥ. ചേന്ദമംഗലം കവലയിൽ നിന്ന് പറവൂർ കെഎസ്ആർടിസി സ്റ്റാൻഡ് വരെയായിരുന്നു ജാഥ നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam