
കൊല്ലത്ത് വീടിന്‍റെ ടെറസില്‍ ഉണങ്ങാനിട്ടിരുന്ന റബര്‍ ഷീറ്റും കൂട്ടില്‍ കെട്ടിയിട്ടിരുന്ന പട്ടിയേയും മോഷ്ടിച്ച് കള്ളന്മാര്‍. വെളിയം പടിഞ്ഞാറ്റിന്‍കര ചൂരക്കോട് വീട്ടിലാണ് കളവ് നടന്നത്. ശ്രീ വിലാസം റബേഴ്സ് ഉടമ മധുസൂദനന്‍ പിള്ളയുടെ വീട്ടില്‍ നിന്നാണ് 200 കിലോ റബര്‍ ഷീറ്റും ഷിത്സു ഇനത്തിലുള്ള നായ്ക്കുഞ്ഞിനേയും കള്ളന്മാര്‍ അടിച്ച് മാറ്റിയത്. പത്ത് മാസം പ്രായമുള്ള നായക്കുഞ്ഞിനെയാണ് മോഷ്ടിച്ചിരിക്കുന്നത്. ഇതിന് 30000 രൂപയോളം വിവല വരുമെന്നാണ് ഉടമ പറയുന്നത്.
ടെറസിലെ കൂട്ടിലായിരുന്നു നായ കുഞ്ഞിനെ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ മോഷണം നടന്നതായാണ് സംശയം. മോഷണം പോയ റബര്‍ ഷീറ്റിന് ഏകദേശം 35000 രൂപ വിലവരുമെന്നാണ് മധുസൂദനന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വളര്‍ത്തുനായയെ വില്‍ക്കാന്‍ വിസമ്മതിച്ച വീട്ടമ്മയെ മദ്യ ലഹരിയില്‍ മൂന്ന് പേര്‍ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ കാട്ടൂർ പുത്തൻപുരയ്ക്കൽ റോായ്സൺ (32), ചെത്തി പുത്തൻപുരയ്ക്കൽ സിജു (അലോഷ്യസ്-26), കണിച്ചുകുളങ്ങര ദൈവത്തിങ്കൽ വിഷ്ണു (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14 വാർഡിൽ ചിറയിൽ ജാൻസിയെന്ന അന്‍പത്തിനാലുകാരിയെയാണ് ഇവര്‍ കല്ലെറിഞ്ഞത്.
വീട്ടിലെ വളർത്തുനായയെ കണ്ട് ഇഷ്ടപ്പെട്ട പ്രതികൾ നായയെ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ജാൻസി വിൽക്കാൻ തയാറായില്ല. നായയെ എടുത്തു കൊണ്ടുപോകാനും ചിത്രമെടുക്കാനും പ്രതികൾ ശ്രമിച്ചു. ജാൻസി സമ്മതിച്ചില്ല. വീട്ടിൽ നിന്ന് ഇറക്കി വിട്ടപ്പോൾ ചീത്ത വിളിച്ച്, വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ശേഷം കല്ലെടുത്തെറിയുകയായിരുന്നു.
കഴിഞ്ഞ ദിവസം ആറ്റിങ്ങൽ കിഴുവിലം ഗ്രാമപഞ്ചായത്തിൽ 88 തെരുവുനായകളെ കൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2017ല്‍ തെരുവുനായകളെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയായിരുന്നു പ്രതികൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam