'മടുത്തു, മരിക്കുകയാണ്, ആരും കാരണക്കാരല്ല' വിളിച്ചയാൾ കൂടുതൽ ഒന്നും പറഞ്ഞില്ല, ലൊക്കേഷൻ ബീച്ചിൽ, പൊലീസിന്റെ സമയോജിത ഇടപെടലിൽ രക്ഷ

Published : Sep 28, 2025, 10:36 PM IST
Alappuzha beach

Synopsis

ആലപ്പുഴയിൽ വീടിന്റെ ചുമരിൽ മരണക്കുറിപ്പ് എഴുതി വെച്ച് കടലിലേക്ക് ഇറങ്ങിയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. ആത്മഹത്യ ചെയ്യുകയാണെന്ന് കൺട്രോൾ റൂമിൽ അറിയിച്ച യുവാവിനെ മൊബൈൽ ലൊക്കേഷൻ ഉപയോഗിച്ച് കണ്ടെത്തി.  സമയോചിതമായ ഇടപെടലും അനുനയവും ഒരു ജീവൻ രക്ഷിച്ചു.

ആലപ്പുഴ: വീടിന്റെ ചുമരിൽ മരണക്കുറിപ്പ് എഴുതി വെച്ച് കടലിലേക്ക് ഇറങ്ങിയ യുവാവിനെ പോലീസിൻ്റെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ആലപ്പുഴ കൺട്രോൾ റൂമിലേക്കാണ് യുവാവിൻ്റെ അപ്രതീക്ഷിത ഫോൺ കോൾ എത്തിയത്. ജീവിതം മടുത്തെന്നും ആത്മഹത്യ ചെയ്യാൻ ഇറങ്ങുകയാണെന്നും, തൻ്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും അറിയിച്ച ശേഷം കൂടുതൽ വിവരങ്ങൾ നൽകാതെ യുവാവ് ഫോൺ കട്ട് ചെയ്തു. ഇതോടെ കൺട്രോൾ റൂമിൽ നിന്നും വിവരങ്ങൾ ഉടൻ തന്നെ പ്രസ്തുത പോലീസ് സ്റ്റേഷനിൽ രാത്രി പട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കൈമാറി.

ലൊക്കേഷൻ ബീച്ചിൽ, രക്ഷകരായി പോലീസ് സംഘം

ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ നസീർ, എഎസ്ഐ ശ്രീവിദ്യ, ഡ്രൈവറായ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാംലാൽ എന്നിവർ ഉടൻ തന്നെ എസ്എച്ച്ഒയെ വിവരം അറിയിച്ചു. സിഐ സൈബർ സെല്ലിൻ്റെ സഹായത്തോടെ യുവാവിൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ ഉടൻ തന്നെ ലഭ്യമാക്കി. മൊബൈൽ ലൊക്കേഷൻ ബീച്ചിന് സമീപം കടലിനോട് ചേർന്ന് കാണപ്പെട്ടതോടെ ഫോൺ കോൾ യാഥാർത്ഥ്യമാണെന്ന് പോലീസിന് മനസ്സിലായി. ഉടൻ തന്നെ ജീപ്പിൽ ബീച്ചിലേക്ക് തിരിച്ച പോലീസ്, ഇതിനിടയിൽ യുവാവിൻ്റെ ഫോണിലേക്ക് നിരവധി തവണ വിളിച്ചെങ്കിലും കോൾ എടുത്തില്ല. കനത്ത ഇരുട്ടും മഴയും കാരണം ഏതു ഭാഗത്താണ് നിൽക്കുന്നതെന്ന് തിരിച്ചറിയാൻ ഉദ്യോഗസ്ഥർ ഏറെ ബുദ്ധിമുട്ടി.

അനുനയം ഫലം കണ്ടു

തുടർന്ന്, യുവാവിൻ്റെ ഫോണിൽ വിളിച്ച് പോലീസ് ഉദ്യോഗസ്ഥർ അനുനയിപ്പിക്കാൻ ശ്രമിച്ചു. ആദ്യം ഒരു തരത്തിലും വഴങ്ങാതിരുന്ന യുവാവിനോട്, സഹോദരനെപ്പോലെ കരുതി തിരിച്ചു കയറണമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും പോലീസ് ആവർത്തിച്ചു പറഞ്ഞു. ശക്തമായ തിരയുള്ളതിനാൽ അധിക സമയം എടുക്കുന്നതിലുള്ള ബുദ്ധിമുട്ടും, യുവാവ് വീണ്ടും കടലിലേക്ക് ഇറങ്ങാനുള്ള സാധ്യതയും പോലീസിനെ വിഷമിപ്പിച്ചു.

തുടർച്ചയായ അനുനയത്തിലൂടെയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതിലൂടെയുമാണ് യുവാവിൻ്റെ മനസ്സ് മാറിയത്. ഇതിനിടയിൽ എഎസ്ഐ നസീറും സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാംലാലും ചേർന്ന് കടലിൽ ഇറങ്ങി വെള്ളത്തിൽ നിന്ന യുവാവിനെ പിടിച്ചു കരയിലേക്ക് കയറ്റി. സ്റ്റേഷനിലെത്തി യുവാവിൻ്റെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് ആവശ്യമായ പരിഹാരത്തിന് എല്ലാ പിന്തുണയും നൽകിയാണ് പോലീസ് ഇദ്ദേഹത്തെ ബന്ധുക്കളെ ഏൽപ്പിച്ചത്. പോലീസിൻ്റെ കൃത്യ സമയത്തുള്ളതും സ്നേഹപൂർവ്വവുമായ ഇടപെടലാണ് കടലിൽ പൊലിയേണ്ടിയിരുന്ന ഒരു മനുഷ്യജീവനെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദൈവങ്ങളുടെയും വ്യക്തികളുടെയും പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ, അസാധുവാക്കണം; സിപിഎം പരാതി നൽകി
ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്