ബാലരാമപുരത്ത് വൃദ്ധയെ പൂട്ടിയിട്ട് മകന്‍റെ ക്രൂരത; വാതില്‍ ചവിട്ടിത്തുറന്ന് പൊലീസ്, മകന്‍ അറസ്റ്റില്‍

By Web TeamFirst Published Sep 20, 2019, 12:14 PM IST
Highlights

സംഭവത്തിൽ ബാലരാമപുരം സ്വദേശി വിജയകുമാറിനെതിരെ പൊലീസ് കേസെടുത്തു. പൊലീസ് മോചിപ്പിച്ച അമ്മ ലളിതയെ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വൃദ്ധയായ അമ്മയെ വീട്ടിൽ പൂട്ടിയിട്ട് മകന്‍റെ ക്രൂരത. സംഭവത്തിൽ ബാലരാമപുരം സ്വദേശി വിജയകുമാറിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി പൊലീസ് മോചിപ്പിച്ച അമ്മ ലളിതയെ ആശുപത്രിയിലേക്ക് മാറ്റി.

ലളിതക്ക് നാലുമക്കളാണുള്ളത്. ഇളയമകനായ വിജയകുമാറിനൊപ്പമായിരുന്നു ലളിത. മറ്റ് മക്കളെ കാണാൻ അനുവദിക്കാതെ അമ്മയെ വിജയകുമാർ വീട്ടിൽ പൂട്ടിയിട്ടുവെന്ന പരാതിയെ തുടര്‍ന്ന് ബാലരാമപുരം പൊലീസെത്തി വീട് ചവിട്ടിത്തുറന്നാണ് വൃദ്ധയെ മോചിപ്പിച്ചത്. ലളിതയ്ക്ക് വിജയകുമാർ ചികിത്സ നിഷേധിച്ചിരുന്നതായും പരാതിയുണ്ട്. ഇവരുടെ പേരിൽ ബാങ്കിലുള്ള പതിനാല് ലക്ഷം രൂപയും വീടും പറമ്പും വിജയകുമാർ കൈക്കലാക്കിയെന്നാണ് മറ്റ് മക്കളുടെ ആരോപണം. 

ഇന്നലെ വൈകീട്ട് ലളിതയെ കാണാനായി പെൺമക്കൾ എത്തിയപ്പോഴായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ലളിതയെ കാണാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഇളയമകനായ വിജയകുമാർ, സഹോദരിമാരെ പുറത്താക്കി ഗേറ്റ് പൂട്ടി. പൊലീസ് എത്തിയിട്ടും വിജയകുമാർ വഴങ്ങിയില്ല. ലളിതയെ ഡിവൈഎസ്പിക്ക് മുന്നിൽ ഹാജരാക്കാമെന്ന് ഇയാൾ ബാലരാമപുരം എസ്ഐയോട് പറഞ്ഞു. ഇതോടെ പൊലീസ് മടങ്ങി. പെൺമക്കൾ ഗേറ്റിന് മുന്നിൽ മണിക്കൂറുകൾ തുടർന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് എത്തി വീണ്ടും പൊലീസിനെ വിളിച്ചു. മതിൽ ചാടികടന്ന് വാതില്‍ ബലമായി തുറന്നാണ് അവശനിലയിലായിരുന്ന ലളിതയെ പൊലീസ് മോചിപ്പിച്ചത്. വയോധികയെ പൂട്ടിയിട്ടതിന് വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

click me!