ഹൈക്കോടതി അഭിഭാഷകനെ സഹായിക്കാൻ പൊലീസ് അട്ടിമറിച്ച പത്തനംതിട്ട പോക്സോ കേസ്, ശിക്ഷാ നടപടികളിൽ ഇരട്ട നീതിയെന്ന് സേനയിൽ വിമർശനം ശക്തം

Published : Sep 19, 2025, 10:01 AM IST
pthanamthitta pocso case

Synopsis

കേസ് എടുക്കാൻ വൈകി എന്ന കാരണത്തിൽ കോന്നി ഡി വൈ എസ് പി, സി ഐ എന്നിവരെ ഞൊടിയിടയിൽ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ വീണ്ടും അന്വേഷണം മാത്രം

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ നടപടിയിൽ ഇരട്ടനീതി എന്ന് വിമർശനം ശക്തം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ ഇരട്ട നീതിയെന്നാണ് സേനയ്ക്കുള്ളിൽ വിമർശനം ശക്തമായിരിക്കുന്നത്. കേസ് എടുക്കാൻ വൈകി എന്ന കാരണത്തിൽ കോന്നി ഡി വൈ എസ് പി, സി ഐ എന്നിവരെ ഞൊടിയിടയിൽ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ വീണ്ടും അന്വേഷണം മാത്രമാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടികാട്ടി. പൊലീസിനും സർക്കാരിനും നാണക്കേട് ഉണ്ടാക്കി എന്ന് ഡി ഐ ജി റിപ്പോർട്ട് നൽകിയ തിരുവല്ല ഡി വൈ എസ് പി നന്ദകുമാർ, ആറന്മുള സി ഐ പ്രവീൺ എന്നിവർക്ക് എതിരെ നടപടിക്ക് ശുപാർശ വന്നെങ്കിലും വീണ്ടും ഒരു അന്വേഷണം നടത്താൻ ആണ് ആഭ്യന്തരവകുപ്പിന്‍റെ നീക്കമെന്നതും ഇരട്ട നിതീയായാണ് വിലയിരുത്തപ്പെടുന്നത്.

പോക്സോ കേസിലെ അട്ടിമറി കാലത്തെ പത്തനംതിട്ട എസ് പി ആയിരുന്ന വി ജി വിനോദ് കുമാറിനെതിരെ അന്വേഷണം പോലുമില്ലെന്നതും വിമർശനം ശക്തമാകാൻ കാരണമാണ്. 16 കാരി അതിക്രൂര പീഡനത്തിനിരയായ കേസിലായിരുന്നു മുഖ്യപ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിന് അനുകൂലമായി ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചത്.

പത്തനംതിട്ട പോക്സോ കേസ് അട്ടിമറി: 2 ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിയിൽ തിരുവല്ല ഡി വൈ എസ് പി നന്ദകുമാർ, ആറന്മുള സി ഐ പ്രവീൺ എന്നിവർക്ക് എതിരെ ആഭ്യന്തര വകുപ്പ് നടപടിക്ക് ശുപാർശ ചെയ്തെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്. ഡ‍ി ഐ ജി ചൈത്ര തെരേസ ജോൺ ഐ പി എസിന്‍റെ അന്വേഷണത്തിന് ഒടുവിൽ നടപടിയെടുക്കാനാണ് നിർദ്ദേശം. പൊലിസിൻ്റെയൂം സർക്കാരിൻ്റെയും അന്തസ്സ് കളങ്കപെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ച് എന്ന കണ്ടെത്തലിലാണ് നടപടിക്ക് ശുപാർശ. എന്നാൽ നടപടിക്ക് പകരം പ്രത്യേക അന്വേഷണമുണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ കാണുന്നത്. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തി എന്ന് ഡി ഐ ജിയുടെ റിപ്പോർട്ടിലുണ്ട്. കേസ് ആദ്യം അട്ടിമറിച്ചതിൽ കോന്നി ഡി വൈ എസ് പി രാജപ്പൻ റാവുത്തർ, സി ഐ ശ്രീജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. 16 കാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിയായ അഭിഭാഷകന്റെ അറസ്റ്റ് സുപ്രീംകോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.

കേസിന്‍റെ വിശദാംശങ്ങൾ

അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ 16 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനു പത്തനംതിട്ടയിലെ പൊലീസ് അടിമുടി സഹായമേകിയെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ കിട്ടിയ പരാതിയിൽ മൂന്ന് മാസത്തിലധികം കേസെടുക്കാതെ കോന്നി പൊലീസ് പ്രതിയെ സഹായിച്ചു. പിന്നീട് പേരിന് ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ആറന്മുള പൊലീസിന് കൈമാറി. കേസിന്റെ തുടക്കത്തിലെ വീഴ്ചയിലാണ് കോന്നി ഡി വൈ എസ് പി ടി രാജപ്പനെയും എസ് എച്ച് ഓ ശ്രീജിത്തിനെയും സസ്പെൻഡ് ചെയ്തത്. മറ്റുള്ളവർക്കെതിരെ നടപടി ഇല്ലാത്തതാണ് ഇരട്ട നീതി വിമർശനം ശക്തമാകാൻ കാരണം.

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം