
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് മസ്ജിദിൽ മോഷണം നടത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. ദിവസങ്ങൾക്ക് മുമ്പേ വിവാഹ രജിസ്ട്രേഷനെന്ന വ്യാജേനയെത്തി ഓഫീസിലെ പണം സൂക്ഷിക്കുന്നയിടം മനസിലാക്കിയ ശേഷമായിരുന്നു മോഷണമെന്ന് ഒറ്റപ്പാലം പൊലീസ് പറയുന്നു. രജിസ്ട്രറിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അബൂബക്കറിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് വലയിലാക്കിയത്.
മോഷണം നടക്കുന്നതിനും രണ്ട് ദിവസം മുമ്പാണ് പ്രതി അബൂബക്കർ പള്ളി ഓഫീസിലെത്തിയത്. വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച നടപടികൾ അറിയാനെന്ന വ്യാജേനയായിരുന്നു ഇത്. അന്ന് പരിസരമെല്ലാം മനസിലാക്കി വെച്ച ശേഷം ഞായറാഴ്ച പുലർച്ചെയെത്തിയായിരുന്നു ഓഫീസിൻ്റെ വാതിൽ കുത്തിത്തുറന്ന് 6 ലക്ഷത്തോളം രൂപ കവർന്നത്. ഈ പണവുമായി പാലക്കാട്ടെ സെക്കൻഡ് ഹാൻ്റ് കാർ കടയിലെത്തി മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് കാർ സ്വന്തമാക്കി. ബാക്കി തുക കാറിൻ്റെ ഡിക്കിയിൽ ഭദ്രമായി സൂക്ഷിച്ചു. ഇതുമായി മണ്ണാർക്കാട് വഴി അട്ടപ്പാടിയിലെ പെൺസുഹൃത്തിനടുത്തേക്ക് പോകുംവഴിയാണ് പൊലീസ് വലയിലായത്.
കവർച്ചയ്ക്ക് മുമ്പ് ഓഫീസിന് മുന്നിലെ സിസിടിവി ക്യാമറയുടെ വയർ മുറിച്ചു മാറ്റിയിരുന്നു. എന്നാൽ പള്ളി പരിസരത്തെ മറ്റൊരു ക്യാമറയിൽ കള്ളൻ്റെ ദൃശ്യം പതിഞ്ഞു. ഈ ദൃശ്യവും രണ്ട് ദിവസം മുമ്പ് പള്ളിയിലെത്തിയതിൻ്റെ ദൃശ്യങ്ങളും പരിശോധിച്ച പൊലീസ്, രണ്ടിലും രൂപസാദൃശ്യം തോന്നിയയാളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു. സന്ദർശക രജിസ്റ്ററിൽ നിന്ന് ഫോൺ നമ്പർ ശേഖരിച്ചായിരുന്നു തുടരന്വേഷണം. ടവർ ലൊക്കേഷൻ പിന്തുടർന്ന അന്വേഷണ സംഘം ഞായർ രാത്രി ഏഴോടെ പ്രതിയെ പിടികൂടുകയായിരുന്നു. അബൂബക്കറിൻ്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam