കിടപ്പുമുറിയിൽ കിടക്കയുടെ മുകളിൽ സെല്ലോടേപ്പ് ഒട്ടിച്ചൊരു പൊതി, ഓട്ടോക്കുള്ളിൽ 3 കവറുകൾ; എല്ലാത്തിലും കഞ്ചാവ്, കയ്യോടെ പിടിയിൽ

Published : Aug 07, 2025, 03:27 PM ISTUpdated : Aug 07, 2025, 03:28 PM IST
ganja arrest

Synopsis

സാബു ആന്റണിയുടെ വീടിനുള്ളില്‍ നിന്ന് 2.172 കിലോയും ഓട്ടോറിക്ഷയില്‍ നിന്ന് 24.97 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്

കല്‍പ്പറ്റ: രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൽപ്പറ്റയിൽ പൊലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളിലും ഓട്ടോറിക്ഷയിലും വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. കല്‍പ്പറ്റയിലെ ലഹരിവില്‍പ്പനക്കാരില്‍ പ്രധാനിയായ ചുണ്ടേല്‍ പൂളക്കുന്ന് പട്ടരുമഠത്തില്‍ വീട്ടില്‍ സാബു ആന്റണി (47) യെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. വീടിനുള്ളില്‍ നിന്ന് 2.172 കിലോയും ഓട്ടോറിക്ഷയില്‍ നിന്ന് 24.97 ഗ്രാം കഞ്ചാവുമാണ് ലഹരിവിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്. ഇയാള്‍ മോഷണം, അടിപിടി, സ്ത്രീത്വത്തെ അപമാനിക്കല്‍, ലഹരിക്കേസുകള്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

ഇന്നലെ രാവിലെ കല്‍പ്പറ്റ പൂളക്കുന്ന് എന്ന സ്ഥലത്തെ സാബു ആന്റണിയുടെ വീട്ടില്‍ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് 2.172 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. കിടപ്പുമുറിയില്‍ കിടക്കയുടെ മുകളില്‍ സെല്ലോടേപ്പ് ഒട്ടിച്ച പൊതിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ചില്ലറ വില്‍പ്പനക്കായി ചെറിയ പാക്കറ്റുകളാക്കുന്നത് തൊട്ടടുത്ത് ഇയാളും കുടുംബവും മുമ്പ് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അവിടെയും പരിശോധന നടത്തി. ഇവിടെ നിന്ന് ചില്ലറ വില്‍പ്പനക്ക് കഞ്ചാവ് നിറക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ കണ്ടെടുത്തു.

സാബു ആന്റണി കഞ്ചാവ് ചില്ലറ വില്‍പ്പന നടത്താന്‍ ഉപയോഗിക്കുന്ന കെ എല്‍ 12 കെ. 5975 ഓട്ടോറിക്ഷയിലും പരിശോധന നടത്തി. വില്‍പ്പനക്കായി മൂന്ന് പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ച 24.97 ഗ്രാം കഞ്ചാവ് ഓട്ടോറിക്ഷയില്‍ നിന്ന് കണ്ടെടുത്തു. ഡ്രൈവര്‍ സീറ്റിനടിയിലായി ഒളിപ്പിച്ച നിലയിലായിരുന്നു സാധനം. കല്‍പ്പറ്റ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ജയപ്രകാശ്, എസ് ഐ കെ അജല്‍, എസ് സി പി ഒമാരായ അനൂപ്, ജയേഷ്, സുധി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വില്‍സന്‍, ബിന്‍സിയ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്