നഗരസഭാ കൗണ്‍സിലറുടെ കടയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍; കണ്ടെത്തിയത് 3,600 പായ്ക്കറ്റ്

Published : Jul 08, 2022, 01:29 PM IST
നഗരസഭാ കൗണ്‍സിലറുടെ കടയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍; കണ്ടെത്തിയത്  3,600 പായ്ക്കറ്റ്

Synopsis

കിഴക്കേകുന്ന് വാര്‍ഡിലെ എല്‍ഡിഎഫ് കൗണ്‍സിലറാണ് പിടിയിലായ സുലൈമാന്‍. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളുടെ കടയില്‍ പരിശോധന നടത്തിയത്.

മലപ്പുറം: മഞ്ചേരിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. നഗരസഭാ കൗണ്‍സിലറുടെ കടയില്‍നിന്നുമാണ് 3600 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍  മഞ്ചേരി പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പയ്യനാട് താമരശ്ശേരി ആറുവീട്ടില്‍ സുലൈമാനെ(57) പൊലീസ് അറസ്റ്റ് ചെയ്തു. 

25ാം വാര്‍ഡ് കിഴക്കേകുന്ന് എല്‍ ഡി എഫ് കൗണ്‍സിലറാണ് സുലൈമാന്‍. മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഇയാളുടെ കടയില്‍ ലഹരിക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി പൊലിസീന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇന്നലെ രാവിലെ 11ന് പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. 

പുകയില ഉത്പന്നങ്ങള്‍ ചില്ലറ വില്‍പ്പനക്കെത്തിച്ചതാണെന്നും പിടിച്ചെടുത്ത പായ്ക്കറ്റുകള്‍ക്ക് ഏകദേശം ഒരുലക്ഷം രൂപയോളം വിലവരുമെന്നും പൊലീസ് പറഞ്ഞു. മഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി, സി പി ഒമാരായ അനീഷ് ചാക്കോ, അബ്ദുര്‍റഷീദ്, സവാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More : എംഡിഎംഎ,ഹാഷിഷ് ഓയില്‍ ; ആഡംബര കാറിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കവെ യുവാക്കള്‍ പിടിയില്‍

ജില്ലയില്‍ മയക്കുമരുന്ന് ഉത്പന്നങ്ങളുടെ ഉപയോഗം കൂടിവരികയാണെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലാകെ വ്യാപക പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. ഇന്ന് രണ്ട് കേസുകളിലായി മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  നിരോധിത മാരക മയക്കുമരുന്നായ എം ഡി എം എ യുമായി   ഒളവട്ടൂര്‍ കയിലോക്കിങ്ങല്‍ പുതിയത്ത് പറമ്പില്‍ മുഹമ്മദലി (24)യാണ് ജില്ലാ ആന്റി നര്‍കോട്ടിക് സംഘം അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം ആലിപ്പറമ്പ് എന്ന സ്ഥലത്തുനിന്നാണ് കഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്. 50 ഗ്രാം മയക്കുമരുന്ന് ഇയാളില്‍ നിന്ന് കണ്ടെടുത്തു. 

വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യംവെച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന പ്രതിയെ കഴിഞ്ഞ ഒരു മാസമായി ജില്ലാ ആന്റി നര്‍കോട്ടിക് ടീം നിരീക്ഷിച്ച് വരികയായിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ വന്‍തോതില്‍ തീരപ്രദേശങ്ങളിലെത്തിച്ച് ചില്ലറ വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ തിരൂര്‍ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പറവണ്ണ സ്വദേശികളായ പള്ളിമാന്‍റെ പുരക്കല്‍ സാഹിര്‍ (24), ചേക്കാമഠത്തില്‍ തൗഫീഖ്(27) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പറവണ്ണയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ആഡംബര കാറിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കവെയാണ് ഇരുവരും പിടിയിലായത്.  

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി