
ആലപ്പുഴ: തെക്കേക്കരയിൽ സംസ്കാരത്തിനിടെ മൃതദേഹം പൊലീസ് ഏറ്റെടുത്ത സംഭവത്തിൽ വയോധികയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മ (80) യുടെ മരണമാണ് കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.
സംഭവത്തിൽ മകൻ സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെ മരിച്ച ചിന്നമ്മയുടെ മൃതദേഹം രാത്രി ഒൻപത് മണിയോടെ സംസ്കാര ചടങ്ങിനായി എടുക്കുമ്പോഴാണ് കുറത്തികാട് പൊലീസ് എത്തുകയും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമീപവാസികൾ കൊടുത്ത പരാതിയിലായിരുന്നു നടപടി.
പ്രാഥമിക മൃതദേഹ പരിശോധനയിൽ കഴുത്തിലെ ചതവ് പാട് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റുമോർട്ടം നടത്താനായി മൃതദേഹം പൊലീസ് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴയിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ തൈറോയിഡ് ഗ്രന്ഥിക്ക് പരിക്ക് പറ്റിയതായും കഴുത്തിലെ എല്ലുകൾ ഒടിഞ്ഞതുമാണ് മരണകാരണം. മകനായ സന്തോഷിന്റെ ഒപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകൻ സുനിലും താമസിച്ചു വന്നിരുന്നത്. സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത മകൻ സന്തോഷിനെ ചോദ്യം ചെയ്തു വരുന്നതായി കുറത്തികാട് പൊലീസ് പറഞ്ഞു. കുറത്തികാട് സി ഐ വിശ്വംഭരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam