ഒല്ലൂരിലെ കവര്‍ച്ച; പൊലീസിനെ ഞെട്ടിച്ച് സിസിടിവിയിലെ ദൃശ്യങ്ങള്‍

By Web TeamFirst Published Dec 4, 2018, 7:34 PM IST
Highlights

കാഴ്ചയില്‍ ഉത്തരേന്ത്യന്‍ സ്വദേശികളെന്ന് തോന്നിക്കുന്ന രണ്ട് പേരില്‍ മെലിഞ്ഞ യുവാവാണ് ജ്വല്ലറിയുടെ ഉള്‍വശം മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തിട്ടുള്ളത്. മോഷണ ശ്രമം ഉടമ അന്ന് പൊലീസില്‍ അറിയിച്ചിരുന്നില്ല

തൃശൂര്‍: ഒല്ലൂരിലെ ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെ പൊലീസിനെ ഞെട്ടിച്ച് സിസിടിവി ദൃശ്യങ്ങള്‍. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് അഞ്ചര കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നതെന്നാണ് ഇപ്പോള്‍ അന്വേഷണ സംഘം സ്ഥിരീകരിച്ചിരിക്കുന്നത്.

കവര്‍ച്ച നടന്ന ആത്മിക ജ്വല്ലറിയില്‍ ഏകദേശം ഒരു മാസം മുമ്പ് മോഷണ സംഘം ഓട് പൊളിച്ച് കയറിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഓട് പൊളിച്ച് കയറിയ മോഷ്ടാക്കളില്‍ ഒരാള്‍ ജ്വല്ലറിയുടെ ഉള്‍ഭാഗങ്ങളും ആഭരണങ്ങള്‍ ഡിസ്പ്ലേ ചെയ്യുന്ന ഭാഗങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കാഴ്ചയില്‍ ഉത്തരേന്ത്യന്‍ സ്വദേശികളെന്ന് തോന്നിക്കുന്ന രണ്ട് പേരില്‍ മെലിഞ്ഞ യുവാവാണ് ജ്വല്ലറിയുടെ ഉള്‍വശം മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തിട്ടുള്ളത്. മോഷണ ശ്രമം ഉടമ അന്ന് പൊലീസില്‍ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് ഒല്ലൂരിലെ ആത്മിക ജ്വല്ലറിയിലും അന്ന ജ്വല്ലറിയിലും കവര്‍ച്ച നടന്നത്. മോഷണം സംബന്ധിച്ച് തെളിവ് ലഭിച്ചതോടെ പ്രതികളെ ഉടനെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 

click me!