എന്‍ഡിഎയുടെ 'പ്രതിഷേധാഗ്നി ജ്വലിപ്പിക്കൽ'; എസ്എന്‍ഡിപി നേതാക്കള്‍ പങ്കെടുത്തില്ല

By Web TeamFirst Published Dec 4, 2018, 6:17 PM IST
Highlights

തൃശൂരിൽ സി കെ പത്മനാഭൻ പങ്കെടുത്ത പരിപാടിയിൽ നിന്നാണ് ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റും എൻഡിഎ ജില്ലാ കൺവീനറും കൂടിയായ കെ വി സദാനന്ദന്‍റെ നേതൃത്വത്തില്‍ ബഹിഷ്കരണം നടന്നത്

തൃശൂര്‍: ശബരിമല വിഷയത്തിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് തൃശൂരില്‍ എൻഡിഎ സംഘടിപ്പിച്ച പ്രതിഷേധാഗ്നി ജ്വലിപ്പിക്കൽ പരിപാടിയിൽ നിന്ന് എസ്എൻഡിപി യോഗം നേതാക്കൾ വിട്ടുനിന്നു. തൃശൂരിൽ സി കെ പത്മനാഭൻ പങ്കെടുത്ത പരിപാടിയിലാണ് ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റും എൻഡിഎ ജില്ലാ കൺവീനറും കൂടിയായ കെ വി സദാനന്ദന്‍റെ നേതൃത്വത്തില്‍ ബഹിഷ്കരണം നടന്നത്.

എൻഡിഎ നേതാവും എസ്എൻഡിപി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറിയും കൂടിയായ സംഗീത വിശ്വനാഥനും പ്രതിഷേധത്തിൽ പങ്കെടുത്തില്ല. എസ്എൻഡിപി യോഗം അസിസ്റ്റന്‍റ്  ഡയറക്ടറാണ് കെ വി സദാനന്ദൻ. ജില്ലയിലെ പ്രതിഷേധ പരിപാടികൾ തീരുമാനിക്കാൻ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ ഉൾപ്പെടെ സദാനന്ദൻ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചതിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തതോടെയാണ് ചിത്രം മാറിയത്. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ സംഘാടനത്തിന്‍റെ  ചെയർമാനാണ് വെള്ളാപ്പള്ളി.

ശബരിമല വിഷയം ഉയർന്നപ്പോൾ തന്നെ എസ്എൻഡിപി യോഗം പ്രവർത്തകർ പ്രതിഷേധങ്ങൾക്ക് ഇറങ്ങരുതെന്നായിരുന്നു നിർദ്ദേശം. എന്നാൽ, എൻഡിഎയുടെ ഭാഗമായതിനാൽ ബിഡിജെഎസിന്‍റെ പേരിൽ പ്രവർത്തകർ നാമജമ യാത്രകളിലും മറ്റും പങ്കാളികളായി. വെള്ളാപ്പള്ളി നടേശൻ സംഘാടക സമിതി ചെയർമാൻ ആയതോടെ കീഴ് ഘടകങ്ങൾക്ക് വ്യക്തമായ നിർദേശങ്ങള്‍ വിഷയത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഈ സാഹചര്യത്തിലാണ് പരിപാടിയിൽ നിന്ന് എസ്എൻഡിപി നേതാക്കളും പ്രവർത്തകരും  വിട്ടു നിന്നതെന്നാണ് വിവരം. എൻഡിഎയുടെ കൺവീനർ കൂടിയായ സദാനന്ദൻ പരിപാടിക്ക് എത്തില്ലെന്ന അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് ബിജെപി നേതാക്കള്‍ വിശദീകരച്ചു.

വെള്ളാപ്പള്ളി നടേശനോട് ഏറെ അടുപ്പമുള്ളതാണ് തൃശൂർ ജില്ലയിലെ എസ്എൻഡിപി യോഗവും പ്രത്യേകിച്ച് കെ വി സദാനന്ദനും. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അടുപ്പം അവസാനിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതും തൃശൂരിൽ നിന്നാണ്.

വനിതാ മതിൽ സംഘാടനത്തിന്‍റെ ചുമതലക്കാരൻ കൂടിയായതോടെ ബിജെപിയുമായുള്ള അടുപ്പത്തിൽ നിന്ന് ബിഡിജെഎസ് അകലുന്നുവെന്ന സൂചനകളുണ്ടെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. തൃശൂർ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധാഗ്നി ജ്വലിപ്പിക്കല്‍ സമരം സി കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചരിത്രബോധമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പത്മനാഭൻ  ആരോപിച്ചു.

click me!