
പത്തനംതിട്ട: ആറുമാസമായി വനത്തിനുള്ളിൽ ഒളിവിൽ കഴിഞ്ഞുവന്ന പോക്സോ കേസിലെ പ്രതിയായ ആദിവാസി യുവാവിനെ പെരുനാട് പൊലീസ് സാഹസികമായി നടത്തിയ തെരച്ചിലിൽ അറസ്റ്റ് ചെയ്തു. സീതത്തോട് സായിപ്പിൻകുഴി മൂഴിയാർ ആദിവാസി ഗിരിജൻ കോളനിയിൽ എസ് സജിത്ത് (29) ആണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രത്യേക സംഘം ദിവസങ്ങളോളം വനത്തിനുള്ളിൽ തങ്ങി നടത്തിയ സാഹസികമായ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്.
മൂഴിയാർ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു അന്വേഷണം. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാവ് വനത്തിനുള്ളിൽ ഒളിച്ചു താമസിച്ചു വരികയായിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ ഒന്നിനും 30നും ഇടയിലാണ് പീഡനം നടന്നത്. 16 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം ചെയ്തശേഷം, കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടു തവണ കൂടി ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിനിരയാക്കി.
തുടർന്ന് പെൺകുട്ടി ഗർഭിണിയായി. സംഭവം പുറത്തറിഞ്ഞതിനെതുടർന്ന് കുട്ടി താമസിക്കുന്നിടത്ത് മെഡിക്കൽ സംഘമെത്തി പരിശോധന നടത്തിയിരുന്നു. ഗർഭിണിയാണെന്ന സംശയത്താൽ വിദഗ്ധ പരിശോധനയ്ക്കായി പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ച് ഇക്കാര്യം ഉറപ്പിച്ചു. ജില്ലാ ശിശു ക്ഷേമസമിതി ഇടപെടുകയും, പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്ന് പെരുനാട് പൊലീസ് ഈ വർഷം ജനുവരി 29ന് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
അന്നുതന്നെ കുട്ടിയെ കോഴഞ്ചേരി വൺസ് സ്റ്റോപ്പ് സെന്‍ററിലേക്ക് മാറ്റി. പിറ്റേന്ന് പൊലീസ് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി തെളിവുകൾ ശേഖരിച്ചു. വിശദമായ റിപ്പോർട്ട് ശിശു ക്ഷേമസമിതിക്ക് നൽകി. ഡി എൻ എ പ്രൊഫൈലിങ് നടത്തുന്നതിനുവേണ്ടി കുട്ടിയുടെ രക്തസാമ്പിൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശേഖരിച്ച് പൊലീസ് ഫോറെൻസിക് ലാബിലേക്ക് അയച്ചിരുന്നു. സംഭവത്തിനുശേഷം കാട്ടിനുള്ളിൽ ഒളിച്ച പ്രതിക്കുവേണ്ടി പോലീസ് നിരന്തരം തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല.
വനത്തിനുള്ളിൽ എല്ലായിടങ്ങളും വ്യക്തമായ ധാരണയുള്ള യുവാവ്, പൊലീസിനെ കബളിപ്പിച്ച് ഇത്രയും നാളും ഒളിവിൽ കഴിഞ്ഞു കൂടുകയായിരുന്നു. മുഴിയാർ പൊലീസിന്‍റെ സഹായത്തോടെ നിരവധിതവണ പ്രത്യേക അന്വേഷണസംഘം കാട്ടിനുള്ളിൽ തെരച്ചിൽ നടത്തി. പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പെരുനാട് പൊലീസ് ഇൻസ്പെക്ടർ ജി വിഷ്ണു, മുഴിയാർ പോലീസ് ഇൻസ്‌പെക്ടർ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വനത്തിനുള്ളിൽ നിരന്തരം പ്രതിയെ തെരഞ്ഞു തമ്പടിച്ചു.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ സംഘമായി കാട്ടിനുള്ളിൽ തങ്ങി പിടികൂടാൻ ശ്രമിച്ചുവെങ്കിലും, സുഹൃത്തിനൊപ്പം തങ്ങിയ യുവാവ് പൊലീസിന്‍റെ സാന്നിധ്യം മനസിലാക്കി രക്ഷപ്പെടുകയായിരുന്നു. ഒടുവിൽ ശ്രമകരമായ ദൗത്യത്തിൽ പ്രതിയെ മൂഴിയാർ നിന്നും ഇന്നലെ സന്ധ്യയോടെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്തതിനുശേഷം രാത്രി പത്തിന് അറസ്റ്റ് ചെയ്തു. റാന്നി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി, തുടർനടപടികൾ പൂർത്തിയാക്കി.
പിന്നീട് കോടതിയിൽ ഹാജരാക്കി. റാന്നി ഡി വൈ എസ് പി ആർ ജയരാജിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. പെരുനാട് എസ് എച്ച് ഒക്കൊപ്പം എസ് ഐ അലോഷ്യസ്, എസ് സി പി ഓമാരായ ഷിന്റോ, വിജീഷ്, എന്നിവരും മൂഴിയാർ എസ് എച്ച് ഓ ഉദയകുമാർ, സി പി ഓ സേതു എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.