മയക്കുമരുന്ന് കടത്ത് സംഘത്തെ പോലീസ് പിടികൂടിയത് വിദഗ്ധമായി

By Web TeamFirst Published Mar 25, 2021, 7:45 AM IST
Highlights

പിടി വീഴുമെന്ന് ഉറപ്പായപ്പോൾ അക്രമാസക്തനായ ആഷിഖ് ചെക് പോസ്റ്റിലെ ജനൽചില്ലുകൾ അടിച്ചു തകർത്ത് ദേഹത്ത് സ്വയം പരിക്കേൽപ്പിക്കുകയും പോലീസുകാരനെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. 

നിലമ്പൂർ: വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് എം ഡി എം എയുമായി രണ്ടു പേരെ വഴിക്കടവിൽ പോലീസ് പിടികൂടിയത് വിദഗ്ധമായി. പൂക്കോട്ടുംപാടം വലമ്പുറം  കോലോത്തും തൊടിക അഹമ്മദ് ആഷിഖ്(26),മൂത്തേടം  പാലാങ്കര വടക്കേകൈ ചക്കിങ്ങ തൊടിക മുഹമ്മദ് മിസ്ബാഹ് (24) എന്നിവരെയാണ് വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. 

പിടി വീഴുമെന്ന് ഉറപ്പായപ്പോൾ അക്രമാസക്തനായ ആഷിഖ് ചെക് പോസ്റ്റിലെ ജനൽചില്ലുകൾ അടിച്ചു തകർത്ത് ദേഹത്ത് സ്വയം പരിക്കേൽപ്പിക്കുകയും പോലീസുകാരനെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരിൽ നിന്ന് 71.5 ഗ്രാം എം ഡി എം എ യും , 10 ലക്ഷം രൂപ വിലവരുന്ന 227 ഗ്രാം തൂക്കമുള്ള സ്വർണ്ണക്കട്ടിയും പിടിച്ചെടുത്തു. വിപണിയിൽ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന എം ഡി എം എ  ബാംഗ്ലൂരിൽ നിന്ന് കാർ മാർഗം ആഷിഖാണ്  ജില്ലയിലേക്ക് എത്തിച്ചിരുന്നത്. ഇയാൾ സഹായത്തിനായി മിസ്ബാഹിനേയും കൂടെ കൂട്ടുകയായിരുന്നു.

സ്വർണം കടത്തിയതിനും പോലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും  പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ  ബലാത്സംഗത്തിനും അടിപിടിക്കും കഞ്ചാവ് ഉപയോഗത്തിനും  പൂക്കോട്ടുംപാടം സ്റ്റേഷനിലും പോലീസ് സ്റ്റേഷനിൽ അക്രമം നടത്തിയതിന് നിലമ്പൂർ പോലീസ് സ്റ്റേഷനിലും ആഷിഖിനെതിരെ കേസ്സുകൾ നിലവിലുണ്ട്.

click me!