കടലില്‍ ചാടി ജീവനൊടുക്കാനെത്തിയ യുവതിയെ ജീവൻ പണയം വച്ച് രക്ഷിച്ച് പൊലീസുകാരന്‍

By Web TeamFirst Published Jul 25, 2020, 2:33 PM IST
Highlights

ചാടരുതെന്ന് വിളിച്ച് പറഞ്ഞ് പൊലീസുകാരന്‍ ഓടിവരുന്നത് കണ്ടതോടെ  യുവതി കടലിനോട് ചേർന്നുള്ള വഴുക്കലുള്ള പാറക്കെട്ടിലേയ്ക്ക് എടുത്തുചാടി. ശക്തമായ തിരയടി കണ്ട് ഒന്നു പകച്ചെങ്കിലും മടിച്ച് നിൽക്കാതെ റഷീദും കൂടെ ചാടി.

തിരുവനന്തപുരം: കടലിടുക്കില്‍ ചാടി ജീവനൊടുക്കാനെത്തിയ  യുവതിയെ സാഹസികാമായി രക്ഷപ്പെടത്തി സിവിൽ
പൊലീസ് ഓഫീസര്‍. വിഴിഞ്ഞം സ്‌റ്റേഷനിലെ സി.പി.ഒ  റഷീദാണ് കടലിടുക്കിലെ പാറക്കൂട്ടത്തിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം  ഉച്ചയോടയാണ് സംഭവം നടന്നത്. ലോക്ക് ഡൌണിനെതുടർന്ന് ഗതാഗത തിരക്ക് കുറഞ്ഞ റോഡിൽ സ്കൂട്ടറിലെത്തിയ യുവതി കടൽ തീരത്തേയ്ക്കുള്ള  വഴി ചോദിച്ചതിൽ  സംശയം തോന്നിയ മറ്റൊരു സ്‌കൂട്ടർ
യാത്രക്കാരിയാണ്  സമീപത്ത്  വിഴിഞ്ഞം - ചപ്പാത്ത് ചെക്ക് പോസ്റ്റിൽ പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന റഷീദിനെ വിവരം അറിയിച്ചത്.

ഉടൻ തന്നെ തൻറെ ബൈക്കുമെടുത്ത്  യുവതിയെ അന്വേഷിച്ചിറങ്ങിയ  റഷീദ് സ്കൂട്ടിയിൽ യാത്ര ചെയ്ത  യുവതി ആഴിമല ശിവക്ഷേത്രം റോഡിലേയ്ക്കാണ് പോയതെന്ന് മനസിലാക്കി പുറകെ വിട്ടു. ഇതിനിടെ  വിഴിഞ്ഞം സ്റ്റേഷനിൽ വിവരം
കൈമാറുകയും ചെയ്തു. ക്ഷേത്രത്തിന് താഴെയുള്ള പടിക്കെട്ടിലൂടെ യുവതി തീരത്തോട് ചേർന്നുള്ള പാറക്കൂട്ടം  ലക്ഷ്യാമാക്കി  ഓടുന്നത് കണ്ടു.

യുവതിയോട് അവിടെ നിൽക്കാൻ  വിളിച്ച് പറഞ്ഞ് റഷീദ് ഓടിവരുന്നത് കണ്ടതോടെ  യുവതി കടലിനോട് ചേർന്നുള്ള  വഴുക്കലുള്ള പാറക്കെട്ടിലേയ്ക്ക് എടുത്തുചാടി. ശക്തമായ തിരയടി കണ്ട് ഒന്നു പകച്ചെങ്കിലും മടിച്ച് നിൽക്കാതെ റഷീദും കൂടെ ചാടി യുവതിയെ രക്ഷപെടുത്തി തീരത്തെത്തിച്ചു. നിസാര പരിക്കേറ്റ ഇരുവരും  ഭാഗ്യം കൊണ്ട് മാത്രമാണ്
ശക്തമായ തിരയടിയിൽനിന്നും  രക്ഷപ്പെട്ടത്.

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്  യുവതിയെ വിഴിഞ്ഞം സ്റ്റേഷനിൽ എത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കാലടി സൗത്ത്
സ്വദേശിനിയായ യുവതി വീട്ടുകാരുമായി പിണങ്ങിയാണ് ജീവനൊടുക്കാൻ വീട് വിട്ട് ഇറങ്ങിയത്.  തുടർന്ന്  ഫോർട്ട് സ്റ്റേഷനുമായി ബന്ധപ്പെട്ട് വീട്ടുകാരെ വിവരം അറിയിച്ചു. വൈകിട്ടോടെ എത്തിയ ബന്ധുക്കൾക്കൊപ്പം യുവതിയെ വിട്ടയച്ചതായി വിഴിഞ്ഞം പോലീസ് പറഞ്ഞു.

സിവിൽ പൊലീസ് ഓഫീസറായ ഷിബി ടി നായരാണ്  തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സഹപ്രവർത്തകൻറെ ജീവൻ പണയം വെച്ചുള്ള രക്ഷാപ്രവർത്തനം പുറം ലോകത്തെ അറിയിച്ചത്  ഇതോടെ  കാട്ടാക്കട അരുമാളൂർ സ്വദേശിയായ  റഷീദിന് സോഷ്യൽ മീഡിയയിൽ  അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
 

click me!