
കൊളത്തൂർ: കെഎസ്ആർടിസിയുടെ ഔദ്യോഗിക വാഹനമായ ബൊലീറോ ജീപ്പ് മോഷ്ടിച്ച് കടന്നയാളെ കൊളത്തൂർ പൊലീസ് പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി ചുള്ളിയിൽ മുനീബ് (28) ആണ് മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായത്. കെ എസ് ആർ ടിസി തൃശൂർ ഡിപ്പോയിലെ ഔദ്യോഗിക വാഹനമാണ് പടപ്പറമ്പ് പുളിവെട്ടിയിൽ റോഡരികിൽ കഴിഞ്ഞ ദിവസം രാവിലെ കണ്ടെത്തിയത്.
സർക്കാർ ബോർഡുള്ള വാഹനം റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ട നാട്ടുകാർ കൊളത്തൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സി ഐ പി എം ഷമീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തിയെങ്കിലും പൊലീസിനെ കണ്ട് ഇയാൾ ഓടിയൊളിച്ചതോടെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് പിടിയിലായത്.
ഡിപ്പോയിലെ പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന ബൊലീറോ ജീപ്പ് തന്റെ കൈവശമുള്ള താക്കോൽ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്ത് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോഡിൽ നിന്നുപോയ വാഹനം ഓടിക്കാൻ കഴിയാതായതാണ് പ്രതിയെ കുടുക്കിയത്. തൃശൂർ ഡിപ്പോ അധികൃതർ പോലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തനിടെയാണ് കൊളത്തൂർ പൊലീസ് വാഹനം കണ്ടെത്തിയത്.
മോഷ്ടിച്ച വാഹനവും പ്രതിയെയും തൃശൂർ ഈസ്റ്റ് പൊലീസിന് കൈമാറി. സി പി ഒ അയ്യൂബ്, ഡ്രൈവർ സുനിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു . പ്രതിക്കെതിരെ പരപ്പനങ്ങാടി, നടക്കാവ്, ഫറോക്ക്, കസബ സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam