പോളിയോ തുള്ളിമരുന്ന് വിതരണത്തിൽ മലപ്പുറം ജില്ല മുന്നേറുന്നു: 91 ശതമാനം നേട്ടം കൈവരിച്ചു

By Web TeamFirst Published Jan 22, 2020, 9:30 PM IST
Highlights

പൾസ് പോളിയോ ദിനത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ചും തുടർന്ന് മൂന്ന് ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ചുമാണ് തുള്ളിമരുന്ന് ജില്ലയിൽ നൽകിയിരുന്നത്...

മലപ്പുറം: പൾസ്പോളിയോ തുള്ളിമരുന്ന് വിതരണത്തിൽ മലപ്പുറം ജില്ല മുന്നേറുന്നു. ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകാൻ ആരോഗ്യവകുപ്പ് ലക്ഷ്യമിട്ട അഞ്ചുവയസ്സിന് താഴെയുള്ള 4,50,415 കുട്ടികളിൽ 4,08,360 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിയതായും 91 ശതമാനം നേട്ടം ഇതുവരെ ജില്ല കൈവരിച്ചതായും ജില്ലാമെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു.

പൾസ് പോളിയോ ദിനത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ചും തുടർന്ന് മൂന്ന് ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ചുമാണ് തുള്ളിമരുന്ന് ജില്ലയിൽ നൽകിയിരുന്നത്. ആരോഗ്യപ്രവർത്തകർക്ക് ഇനിയും എത്തിപ്പെടാനാവാത്ത ബാക്കി വീടുകളിൽ ഇന്ന് കൂടെ(ജനുവരി 23) സന്ദർശനം നടത്തി തുള്ളിമരുന്ന് നൽകുമെന്നും ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു. 

ജില്ലയിൽ വീടുകളുടെ എണ്ണം കൂടുതലായതിനാലാണ് ആരോഗ്യപ്രവർത്തകർക്ക് രണ്ട് ദിവസം കൊണ്ട് മുഴുവൻ വീടുകളും സന്ദർശിക്കാൻ കഴിയാതിരുന്നതെന്നും അതിനാലാണ് രണ്ട് ദിവസം കൂടി അനുവദിച്ചതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെയും ആരോഗ്യപ്രവർത്തകർ സന്ദർശിക്കാത്ത വീടുകളിൽ നിന്ന് തുള്ളിമരുന്ന് നൽകാൻ ആവശ്യപ്പെട്ട് ജനങ്ങൾ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇത് പരിപാടിയോടുള്ള താത്പര്യവും ജനപിന്തുണയാണ് സൂചിപ്പിക്കുന്നതെന്നും ഡി.എം.ഒ. കൂട്ടിച്ചേർത്തു. 

ജില്ലയിൽ എല്ലാവർഷവും പോളിയോതുള്ളി മരുന്ന് വിതരണത്തിന്‍റെ ആദ്യദിനം ബൂത്തിലെത്തി തുള്ളിമരുന്നു നൽകുന്നവർ 50  മുതൽ 55 ശതമാനം മാത്രമാണ്.  ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി തുള്ളിമരുന്ന് നൽകുകയാണ് ജില്ലയിൽ പതിവ്.  ഇത്തവണയും ജനുവരി 19ന് നടന്ന ബൂത്ത് തല പരിപാടിയിൽ 2,43,057 കുട്ടികൾക്കാണ് തുള്ളിമരുന്നു നൽകിയത്. തുടർന്ന് 20, 21, തീയതികളിൽ നടന്ന വീട് സന്ദർശനത്തിലൂടെയാണ് 1,52,636 കുട്ടികൾക്ക് കൂടി തുള്ളിമരുന്നു നൽകാൻ സാധിച്ചതെന്നും ജില്ലാമെഡിക്കൽ ഓഫീസറുടെ അറിയിപ്പിൽ പറയുന്നു.
 

click me!