തൃശൂർ പുന്നയൂർക്കുളത്ത് 13 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച സംസ്ഥാന പാതയിലെ മാഞ്ചിറക്കൽ പാലം തകർന്നു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് പഴയ പാലം പുതുക്കാതെ ടാർ ചെയ്തതാണ് അപകടത്തിന് കാരണമെന്ന് ആരോപണമുണ്ട്. 

തൃശൂര്‍: പുന്നയൂര്‍ക്കുളം ചമ്മനൂര്‍ മാഞ്ചിറക്കല്‍ പാലം തകര്‍ന്നു. ഒഴിവായത് വന്‍ അപകടം. ആല്‍ത്തറ-കുന്നംകുളം, പഴഞ്ഞി, പാറേമ്പാടം എന്നി ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിലെ പാലമാണ് തകർന്നത്. ഉച്ചസമയത്ത് തിരക്ക് കുറവായതിനാലാണ് അപകടം ഒഴിവായത്. 2018 മാര്‍ച്ചില്‍ ബിഎംബിസി നിലവാരത്തില്‍ 13 കോടി ചെലവഴിച്ച് പണി പൂര്‍ത്തീകരിച്ച പാറേമ്പാടം-ആറ്റുപുറം സംസ്ഥാന പാതയിലെ മാഞ്ചിറ പാലത്തിന്റെ ഒരു ഭാഗമാണ് പൂര്‍ണ്ണമായി തോട്ടിലേക്ക് തകര്‍ന്ന് വീണത്.

പാലം തകര്‍ന്നതിനെ തുടര്‍ന്ന് റോഡിലെ വൈദ്യുതി പോസ്റ്റുകളും തോട്ടിലേക്ക് മറിഞ്ഞു. ഇതു മൂലം പ്രദേശത്ത് ഏറെ നേരം വൈദ്യുതി വിതരണം തടസപ്പെട്ടു. റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. റോഡിലെ മണ്ണ് പൂര്‍ണ്ണമായി തോട്ടിലേക്ക് ഇടിഞ്ഞു വീണതിനാല്‍ തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടത് നെല്‍ കര്‍ഷകരെ സാരമായി ബാധിക്കും.

റോഡ് നവീകരിക്കുന്ന സമയത്ത് നാട്ടുകാര്‍ പാലം പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് പഴയ പാലത്തിന്റെ മുകളില്‍ തന്നെ ടാറിംഗ് ചെയ്യുകയായിരുന്നു. മൂന്നുമാസം മുമ്പ് പാലത്തിന്റെ സമീപം 25 മീറ്ററോളം ഭാഗം ഇടിഞ്ഞിരുന്നു. ഇതിനുമുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി വാഹനങ്ങള്‍ കടത്തി വിടുകയായിരുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് പ്രധാന കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.