
പത്തനംതിട്ട: പൊന്തൻ പുഴ പട്ടയ സമരം ഒരു വർഷം പിന്നിടുന്നു. പൊന്തൻപുഴ വലിയ കാവ് മേഖലയിലെ 1200 കുടുംബങ്ങളിൽ അഞ്ഞൂറോളം പേർക്ക് പട്ടയം നൽകാനുള്ള നടപടി ആരംഭിച്ചെങ്കിലും സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.
കോട്ടയം പത്തനംതിട്ട ജില്ലകളിലായി കിടക്കുന്ന പൊന്തൻപുഴ വനത്തിന്‍റെ ഉടമസ്ഥാവകാശം 283 സ്വകാര്യ വ്യക്തികൾക്ക് നൽകിയ 2018 ജനുവരിയിലെ ഹൈക്കോടതി വിധിയെ തുടർന്നായിരുന്നു പൊന്തൻ പുഴ സമരം ആരംഭിക്കുന്നത്. സ്വകാര്യ വ്യക്തികൾക്ക് വനഭൂമി നൽകാനുള്ള നീക്കം ഉപേക്ഷിക്കുക. വനാതിർത്തിക്ക് പുറത്ത് ആറ് പതിറ്റാണ്ടുകളായി താമസിക്കുന്നവർക്ക് പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
വനം, റവന്യൂ വകുപ്പുകൾ നടത്തിയ സംയുക്ത സർവ്വെ അനുസരിച്ച് ജനവാസ മേഖല വനത്തിന് പുറത്താണെന്ന് വ്യക്തമായിരുന്നു. ഇതേ തുടർന്ന് പെരുമ്പട്ടി വില്ലേജിലെ 473 കുടുംബങ്ങൾക്ക് പട്ടയം നൽകമെന്ന ശുപാർശ ജില്ലാ ഭരണകൂടം റവന്യൂ വകുപ്പിന് കൈമാറി. ശേഷിക്കുന്നവർ കോട്ടയം ജില്ലയിലായതിനാൽ പ്ലാച്ചേരി വനംവകുപ്പ് ഓഫീസിന് മുന്നിലും സമരം ആരംഭിച്ചു.
അതിനിടെ രേഖകൾ ലഭിച്ചില്ലെന്ന് കാണിച്ച് വനംവകുപ്പ് സംയുക്ത സർവ്വെ നിർത്തി വെച്ചു. വനംവകുപ്പിന്‍റെ നീക്കം ദുരൂഹമാണെന്ന് പൊന്തൻ പുഴ വന സംരക്ഷണ പട്ടയ സമര സമിതി വ്യക്തമാക്കുന്നു. ഒരു വർഷം കഴിയുമ്പോൾ രണ്ട് പന്തലുകൾ കേന്ദ്രീകരിച്ചും സമരം ശക്തമാക്കാനാണ് തീരുമാനം. 283 വ്യക്തികൾക്ക് വനഭൂമി നൽകിയ വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam