
തിരുവനന്തപുരം : പൂവച്ചൽ നാടുകാണി ശാസ്താക്ഷേത്രം ഭാരവാഹികൾക്ക് നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം. ക്ഷേത്രത്തിൽ നേരത്തെയുണ്ടായ മോഷണത്തിന് ശേഷം രാത്രി ഭാരവാഹികളെ കാവൽ ചുമതലയിൽ ഏൽപ്പിച്ചിരുന്നു. കാവലിലുണ്ടായിരുന്ന ഭാരവാഹികളെയാണ് ബൈക്കുകളിൽ എത്തിയ സംഘം മർദിച്ചത്. ക്ഷേത്രം രക്ഷാധികാരി കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശി ആർ. സന്തോഷ് കുമാറിനെ അക്രമി സംഘത്തിന്റെ മർദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ക്ഷേത്രം വികസനസമിതി അംഗം സുഹൃത്ത് ഷിജോയ്ക്കൊപ്പം ക്ഷേത്രത്തിൽ കാവൽ കിടക്കുമ്പോൾ പുലർച്ചെ ഒരു മണിയോടെ ക്ഷേത്രമിരിക്കുന്ന പാറയിൽ കുറച്ചുപേർ നിൽക്കുന്നതുകണ്ട് ചോദ്യം ചെയ്തപ്പോഴാണ് സംഘം സന്തോഷ് കുമാറിനെ ക്രൂരമായി മർദിച്ചതെന്ന് കാട്ടാക്കട പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ബഹളം കേട്ട് ഷിജോയ് ഓടിയെത്തിയപ്പോൾ അക്രമി സംഘം ഇയാളെ തടഞ്ഞുവെച്ച ശേഷവും മർദിച്ചു.
പ്രദേശവാസികൾ എത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു. പരിക്കേറ്റ സന്തോഷ് കുമാർ കാട്ടാക്കട ആശുപത്രിയിൽ ചികിത്സതേടി. കുറച്ചുനാൾ മുൻപ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയിരുന്നു. ഇതിനുശേഷമാണ് ക്ഷേത്രത്തിൽ കാവൽ ഏർപ്പെടുത്തിയത്. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്തു. മദ്യപസംഘമെന്നാണ് വിവരമെന്ന് പൊലീസ് പറയുന്നു. ആറുപേർക്കെതിരെയാണ് പരാതി. ഇതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞ് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam