
അമ്പലപ്പുഴ: ഏതുനിമിഷവും നിലംപൊത്തുന്ന വീട്ടിൽ ജീവൻ പണയംവെച്ച് ഒരു കുടുംബം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പുത്തൻ പുരക്കൽ ലക്ഷം വീട്ടിൽ പാത്തുമ്മാ ബീവി (70)യും മകളും ചെറുമകനുമാണ് ഭീതിയോടെ കഴിയുന്നത്. 60 വർഷം മുൻപ് ലക്ഷം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടാണിത്. കാലപ്പഴക്കത്താൽ വീടിന്റെ ഓരോ ഭാഗവും തകർന്നു തുടങ്ങി.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ കനത്ത മഴയിലും കാറ്റിലും അടുക്കള ഭാഗം പൂർണമായി തകർന്നു. തുടർന്ന് മറ്റ് മുറികളുടെ ഭിത്തിയും ഇടിഞ്ഞു തുടങ്ങി. മകൾ സുഹ്റാബീവി (38) ഇവരുടെ മകൻ വയസുകാരൻ ലസിൻ അസ്ലം (6) എന്നിവർ രാത്രിയും പകലും ഭീതിയോടെയാണ് കഴിയുന്നത്. ശക്തമായ കാറ്റും മഴയുമുണ്ടാകുമ്പോൾ ഇവരുടെ നെഞ്ചിടിപ്പ് കൂടും. ഭിത്തികൾ തകർന്നതിനാൽ ഒരു മുറിയും സുരക്ഷിതമല്ല. അടച്ചുറപ്പുള്ള ജനലുകളുമില്ല. കഴുത്തിൽ ഞരമ്പിന് തേയ്മാനവും വെരിക്കോസുമായി ദുരിതത്തിലാണ് പാത്തുമ്മാബീവി. വൃക്കരോഗിയാണ് സുഹ്റാബീവി.
ചെമ്മീൻ പൊളിച്ചു കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏകാശ്രയം. സുഹ്റാബീവി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് ലൈഫ് പദ്ധതിക്കുള്ള അപേക്ഷ സ്വീകരിച്ചത്. പിന്നീട് കലക്ടറേറ്റിൽ അപേക്ഷ നൽകിയപ്പോൾ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയെങ്കിലും ഈ കുടുംബം ഉൾപ്പെട്ടില്ല. താൽക്കാലികമായി ഷെഡ് നിർമിച്ച് താമസം മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും പണമില്ലാത്തതിനാൽ അതും സാധ്യമായിട്ടില്ല. വീട് ഏതുനിമിഷവും തകരുമെന്ന ആശങ്കയുള്ളതിനാൽ തൊട്ടടുത്ത വീട്ടുകാരും ഭീതിയിലാണ്.