'മാലാഖ'മാരുടെ സ്നേഹം; സ്വന്തം വീട്ടില്‍ സ്വാതിമോള്‍ക്ക് ഇനി അന്തിയുറങ്ങാം

By Web TeamFirst Published Feb 14, 2019, 5:57 PM IST
Highlights

സർക്കാരിന്‍റെ അഭ്യർത്ഥനകൾക്ക് കാത്തുനിൽക്കാതെ അങ്ങേയറ്റം മാതൃകാപരമായാണ് യുഎൻഎയുടെ അംഗങ്ങൾ സംഘടനാ പ്രവർത്തനത്തിനായി സ്വരൂപിക്കുന്ന മാസവരിയിൽ നിന്ന് മിച്ചംവച്ച് നിർധനയായ ഒരു കൊച്ചുകുട്ടിക്ക് സ്ഥലവും വീടും നൽകിയിരിക്കുന്നതെന്ന് കാനം പറഞ്ഞു

തിരുവനന്തപുരം: നഴ്സുമാർ സ്വരുക്കൂട്ടിയ 14 ലക്ഷത്തോളം രൂപ ചെലവിട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നിർമ്മിച്ച സ്വപ്നഗൃഹം തിരുവനന്തപുരം ഭരതന്നൂരിലെ സ്വാതിമോൾക്ക് കൈമാറി. ആയിരക്കണക്കിന് നഴ്സുമാരെ സാക്ഷിയാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വീടിന്‍റെ താക്കോൽ സ്വാതിമോളുടെ കയ്യിലേൽപ്പിച്ചത്.

യുഎൻഎ ചെയ്തിരിക്കുന്നത് വലിയ മാതൃകയാണ്. ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും നൽകുകയെന്നത് സംസ്ഥാന സർക്കാരിന്‍റെ പ്രഖ്യാപിത നയമാണ്. ധന-വിഭവ സമാഹരത്തിനും വിതരണത്തിലും ഉണ്ടായേക്കാവുന്ന സാങ്കേതികത മൂലം പദ്ധതിയെ മുഴുവൻ അർത്ഥത്തിലും പൂർണതയിലെത്തിക്കാൻ സർക്കാരിനെ കൊണ്ട് സാധിക്കണമെന്നില്ല. അങ്ങിനെയുള്ള ഘട്ടത്തിലാണ് സർക്കാരിന് സന്നദ്ധ സംഘടനയുടെയും പ്രസ്ഥാനങ്ങളുടെയെല്ലാം സഹായം തേടേണ്ടി വരുന്നത്. എന്നാൽ, സർക്കാരിന്‍റെ അഭ്യർത്ഥനകൾക്ക് കാത്തുനിൽക്കാതെ അങ്ങേയറ്റം മാതൃകാപരമായാണ് യുഎൻഎയുടെ അംഗങ്ങൾ സംഘടനാ പ്രവർത്തനത്തിനായി സ്വരൂപിക്കുന്ന മാസവരിയിൽ നിന്ന് മിച്ചംവച്ച് നിർധനയായ ഒരു കൊച്ചുകുട്ടിക്ക് സ്ഥലവും വീടും നൽകിയിരിക്കുന്നതെന്ന് കാനം പറഞ്ഞു.

യുഎൻഎ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷ ചടങ്ങുകള്‍ക്ക് അധ്യക്ഷതവഹിച്ചു. ഭൂമിയുടെ ആധാരം ഡി കെ മുരളി എം എൽ എ സ്വാതിമോൾക്ക് കൈമാറി. ന്യൂനപക്ഷ കമ്മിഷനംഗം അഡ്വ ഫൈസൽ, പാങ്ങോട് പഞ്ചായത്ത് പ്രസിഡന്‍റ് എസ് ഗീത, പഞ്ചായത്തംഗം ലളിതകുമാരി, യുഎൻഎ രക്ഷാധികാരി വത്സൻ രാമംകുളത്ത്, യുഎൻഎ സംസ്ഥാന സെക്രട്ടറി സുജനപാൽ അച്യുതൻ, ട്രഷറർ ബിബിൻ എൻ പോൾ എന്നിവർ സംസാരിച്ചു. വീട് നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളെ യോഗത്തിൽ ആദരിച്ചു. പദ്ധതി കോഓർഡിനേറ്റർ അഭിരാജ് ഉണ്ണി സ്വാഗതവും സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ് നന്ദിയും പറഞ്ഞു.

click me!