
തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭർതൃവീട്ടിലെ പീഡനം സൂചിപ്പിച്ച് ഫസീല മാതാവിനെ അയച്ച വാട്സ്ആപ്പ് സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്നലെ മാതാവിന് വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ഫസീല ടെറസിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. മൂത്ത കുട്ടിക്ക് ഒരു വയസ് തികയും മുമ്പ് ഗർഭിണിയായതിന്റെ പേരിലായിരുന്നു ഫസീലയ്ക്ക് കുറ്റപ്പെടുത്തലും മർദ്ദനവും ഏല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ ഫലീസയുടെ ഭർത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഫസീല എന്ന 23 കാരി ഉമ്മയ്ക്ക് വാട്സാപ്പിലൂടെ അയച്ച സന്ദേശം അയച്ചത്. ''ഉമ്മ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫലിന്റെ വയറ്റിൽ കുറെ ചവിട്ടി, ഉപദ്രവിച്ചു. ഇവിടുത്തെ ഉമ്മയും എന്നെ തെറി വിളിച്ചു. ഉമ്മ ഞാൻ മരിക്കുകയാണ് ഇല്ലെങ്കിൽ ഇവർ എന്നെ കൊല്ലും.'' എന്നായിരുന്നു ഫസീലയുടെ വാട്സാപ്പ് സന്ദേശം. നെറ്റ് ഓഫ് ആയതിനാൽ ഒരു മണിക്കൂറിന് ശേഷമാണ് മാതാപിതാക്കൾ ഈ മെസേജ് കാണുന്നത്. വണ്ടി പിടിച്ച് കൊടുങ്ങല്ലൂരിലെ വീട്ടിൽ എത്തിയപ്പോഴേക്കും മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞു. അവിടെ എത്തിയപ്പോൾ കാണുന്നത് ഫസീലയുടെ മാതാപിതാക്കള്‍ കാണുന്നത് മകളുടെ ജീവനറ്റ ശരീരമായിരുന്നു. ഭർതൃ വീട്ടിലെ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഫസീലയുടെയും നൗഫലിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരു കൊല്ലവും 9 മാസവുമായി. 9 മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. ഫസീല രണ്ടാമതും ഗർഭിണിയായ വിവരം കഴിഞ്ഞ ദിവസമാണ് അറിയുന്നത്. ഗർഭിണിയായതിന് ഫസീല അമ്മായിയമ്മ ഏറെ കുറ്റപ്പെടുത്തിയിരുന്നു. ഇന്നലെ വഴക്കുണ്ടാവുന്നതിനിടെ ഭർത്താവ് ഫസീലയുടെ അടിവയറ്റിൽ ചവിട്ടി. പോസ്റ്റ്മോർട്ടം പരിശോധനയിൽ അടിവയറ്റിൽ പരിക്കേറ്റെന്ന് വ്യക്തമായി. തുടർന്നാണ് ഭർത്താവ് നൗഫൽ (29), ഭര്‍തൃമാതാവ് റംലത്ത് (55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇരുവർക്കുെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെയും ഭർത്താവും മാതാവും ചേർന്ന് ഫസീലയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും ആരോപിക്കുന്നു. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)