
കല്‍പ്പറ്റ: മഴയൊന്ന് കനത്തു പെയ്താല്‍ വേഗത്തില്‍ നിറയുന്ന വയനാട്ടിലെ പ്രധാന ഡാം ആണ് ബാണാസുര സാഗര്‍. 2018-ലെയും '19 ലെയും പ്രളയത്തിന് ശേഷം ഡാം മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത് വെള്ളപ്പൊക്ക ദുരിതങ്ങള്‍ ഇല്ലാതാക്കുന്നുണ്ടെങ്കിലും ഇത് മറ്റൊരു തരത്തില്‍ ബാധിച്ചിരിക്കുകയാണ് ഏതാനും കുടുംബങ്ങളെ. അടിക്കടി ഡാം തുറക്കേണ്ടി വന്നതോടെ ജലമൊഴുക്കി വിടുന്ന കരമാന്‍ തോടിന്റെ കൈവഴിയോട് ചേർന്ന് പുതുശ്ശേരിക്കടവ് മുതല്‍ ചേര്യംകൊല്ലി വരെയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളാണ് ദുരിതം പേറുന്നത്.
കനത്ത മഴയിൽ ഡാമിൽ നിന്നും വെള്ളം ഒഴുക്കുന്നതോടെ ഇവരുടെ ഉപജീവന മാര്‍ഗ്ഗങ്ങളും റോഡും വെള്ളത്തിനടിയിലാകുകയാണ്. ഇവിടെ ചില പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഡാമിലെ വെള്ളം നിയന്ത്രിച്ച് തുടങ്ങിയതോടെ തേര്‍ത്തുകുന്ന് കുന്നമംഗലം പടി റോഡ് മുങ്ങി. ഇതൊടെ നരിക്കുന്ന്, പഞ്ചാരക്കുന്ന്, പുലക്കുന്ന് പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. നാട്ടുകാരും പഞ്ചായത്തും വാങ്ങിയ തോണികളാണ് വെള്ളം കയറുന്ന സമയങ്ങളില്‍ കുടുംബങ്ങള്‍ പുറം ലോകത്ത് എത്താന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ലൈഫ് ജാക്കറ്റ് പോലെയുള്ള സുരക്ഷ സംവിധാനങ്ങളില്ലാത്തത് അപകട സാധ്യതയേറ്റാറുണ്ട്.
വയലുകളില്‍ വെള്ളം കയറുന്നതിനാല്‍ സമയത്ത് കൃഷിയിറക്കാന്‍ ഇവിടെയുള്ള കര്‍ഷകര്‍ക്ക് ആവാറില്ല. അതിശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിന് പുറമെ ഡാം കൂടി തുറക്കുന്നതോടെ ദുരിതം ഇരട്ടിക്കും. അപകടകരമായ പരിധിയിലേക്ക് ഡാമിലെ വെള്ളത്തിന്റെ തോത് എത്തുമ്പോഴാണ് ഷട്ടര്‍ തുറക്കുന്നതെങ്കിലും കൂടുതല്‍ ശാസ്ത്രീയമായ മുന്നറിയിപ്പ് സംവിധാനങ്ങളും മറ്റും വേണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.