മാലിന്യം തള്ളിയത് തടഞ്ഞതിന് സ്കൂട്ടറിന്‍റെ പിന്നില്‍ കാറിടിപ്പിച്ചു; കോർപ്പറേഷൻ കൗൺസിലറുടെ ഭർത്താവിന് പരിക്ക്

By Web TeamFirst Published Aug 20, 2021, 4:29 PM IST
Highlights

ഇന്നലെ രാത്രി ഒമ്പതോടെയാണ് കൊച്ചി കടവന്ത്രയിൽ മാലിന്യം തള്ളാനെത്തിയ കാർ, കോർപ്പറേഷൻ കൗൺസിലർ സുജ ലോനപ്പന്‍റെ ഭർത്താവ് ലോനപ്പൻ ചിലവന്നൂ‍ർ തടഞ്ഞത്. വാക്കുതർക്കത്തിനൊടുവിൽ മാലിന്യം തിരികെയെടുപ്പിച്ച് കാറുടമയെ തിരിച്ചയയ്ക്കുകയും ചെയ്തു

കൊച്ചി: മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച കോർപ്പറേഷൻ കൗൺസിലറുടെ ഭർത്താവിനെ കാറിടിച്ച് വീഴ്ത്തി.  കൊച്ചി കോർപ്പറേഷൻ യുഡിഎഫ് കൗൺസിലർ സുജ ലോനപ്പന്‍റെ ഭർത്താവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇടിച്ച കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് കൊച്ചി സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പതോടെയാണ് കൊച്ചി കടവന്ത്രയിൽ മാലിന്യം തള്ളാനെത്തിയ കാർ, കോർപ്പറേഷൻ കൗൺസിലർ സുജ ലോനപ്പന്‍റെ ഭർത്താവ് ലോനപ്പൻ ചിലവന്നൂ‍ർ തടഞ്ഞത്.

വാക്കുതർക്കത്തിനൊടുവിൽ മാലിന്യം തിരികെയെടുപ്പിച്ച് കാറുടമയെ തിരിച്ചയയ്ക്കുകയും ചെയ്തു. എന്നാൽ, വാഹനം തിരികെയത്തി ലോനപ്പൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് പരാതി. കാലിന് ഗുരുതരമായ പരിക്കേറ്റ ലോനപ്പനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോർപ്പറേഷൻ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം തരംതിരിക്കുന്ന സ്ഥലത്ത് ആളുകൾ മാലിന്യം നിക്ഷേപിക്കുന്നത് പതിവായ സാഹചര്യത്തിലാണ് സ്ഥലത്ത് ലോനപ്പന്‍റെ നേതൃത്വത്തിൽ കാവലിരുന്നത്. സംഭവത്തിൽ കൊച്ചി സൗത്ത് പൊലീസ് കേസെടുത്തു. ഇടിച്ച വാഹനത്തിന്‍റെ നമ്പര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം . സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!