
കാസര്‍കോട്: വയലോടിയിലെ പ്രിജേഷിന്‍റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പൊറോപ്പാട് സ്വദേശി മുഹമ്മദ് സഫ്‍വാന്‍ (24) ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റില്‍ ആയവരുടെ എണ്ണം മൂന്നായി. തിങ്കളാഴ്ച രാവിലെയാണ് വീടിനടുത്തുള്ള തെങ്ങിന്‍തോപ്പില്‍ പ്രിജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
തൃക്കരിപ്പൂര്‍ പൊറോപ്പാട് സ്വദേശി മുഹമ്മദ് ഷബാസ്, എളമ്പച്ചി സ്വദേശി മുഹമ്മദ് രഹ്‍നാസ് എന്നിവര്‍ ഈ കൊലക്കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഞായറാഴ്ച രാത്രി അസമയത്ത് പ്രിജേഷിനെ ഒരു വീട്ടില്‍ കണ്ടതിനെ ചൊല്ലിയുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിടിയിലായ പ്രിജേഷിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ഇനി മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മൊട്ടമ്മല്‍ വയലൊടി ഹരിജന്‍ കോളനിയില്‍ കൊടക്കല്‍ കൃഷ്ണന്‍റെ മകന്‍ എം പ്രിജേഷാണ് (32) മരിച്ചത്. ഞായറാഴ്ച രാത്രി ഒരു ഫോൺ കോൾ വന്നതിന് ശേഷം പ്രിജേഷ് വീട് പുറത്തേക്ക് പോയിരുന്നു. പിന്നീട് മടങ്ങി വന്നില്ല. തിരച്ചിലിനൊടുവിൽ സമീപത്തെ പറമ്പിൽ മൃതദേഹം കണ്ടെത്തി. ചെളിപുരണ്ട മൃതദേഹത്തിൽ പാന്റ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശരീരത്തിൽ പലയിടത്തും മുറിവേറ്റിരുന്നു. പാന്റിന്റെ കീശയിൽ പേഴ്സ് ഉണ്ടായിരുന്നു. എന്നാൽ ഫോൺ നഷ്ടപ്പെട്ടിരുന്നു.
വയലൊടി പാലം കഴിഞ്ഞുള്ള വളവിലാണ് പ്രിജേഷിന്‍റെ ഹെല്‍മറ്റ് കണ്ടെത്തിയത്. പ്രിജേഷിന്റെ ഫോണിലേക്ക് വന്ന അവസാനത്തെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. പയ്യന്നൂരിൽ ലഘുപാനീയ കമ്പനിയുടെ വിതരണക്കാരനും ഡ്രൈവറുമായിരുന്നു പ്രിജേഷ്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാലകൃഷ്ണന്‍ നായരുടെ മേൽനോട്ടത്തിൽ ചന്തേര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam