മുതലമടയില്‍ കാട്ടാന ശല്യം രൂക്ഷം; രണ്ട് ദിവസമായി ഒരേ കൃഷിയിടത്തില്‍ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു

By Web TeamFirst Published Dec 8, 2022, 8:38 AM IST
Highlights

വൈദ്യുതി കടന്ന് പോകുന്ന ഫെന്‍സിങ്ങിന് സമീപത്തുണ്ടായിരുന്ന പനകളും തേക്കും അടക്കമുള്ള മരങ്ങള്‍ ഫെന്‍സിങ്ങിലേക്ക് കുത്തിമറിച്ചിട്ട് ഇതുവഴിയുള്ള വൈദ്യുതി ബന്ധം ഇല്ലാതാക്കിയ ശേഷമാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. 

പാലക്കാട്: തുടർച്ചയായ രണ്ടാം ദിനവും പാലക്കാട് മുതലമടയിൽ ഒരേ കൃഷിയിടത്തിൽ കാട്ടനയിറങ്ങി കൃഷി നശിപ്പിച്ചു. കാളിയൻപാറ വേളാങ്കാട്ടിൽ  ചെന്താമരാക്ഷന്‍റെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍ കൃഷിയിടത്തിന് ചുറ്റും ഫെന്‍സിങ്ങ് ചെയ്തിരുന്നു. എന്നാല്‍, മിനിയാന്നും ഇന്നലെയുമായി തുടര്‍ച്ചയായ രണ്ട് ദിവസം കാട്ടാന കൃഷിയിടത്തിലിങ്ങി. വൈദ്യുതി കടന്ന് പോകുന്ന ഫെന്‍സിങ്ങിന് സമീപത്തുണ്ടായിരുന്ന പനകളും തേക്കും അടക്കമുള്ള മരങ്ങള്‍ ഫെന്‍സിങ്ങിലേക്ക് കുത്തിമറിച്ചിട്ട് ഇതുവഴിയുള്ള വൈദ്യുതി ബന്ധം ഇല്ലാതാക്കിയ ശേഷമാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണയും കാട്ടാനകള്‍ ഫെന്‍സിങ്ങ് നശിപ്പിച്ചിരുന്നു. മിനിയാന്ന് രാത്രിയിലും ഫെന്‍സിങ്ങ് നശിപ്പിച്ചെങ്കിലും ഇന്നലെ പകല്‍ ഇത് ശരിയാക്കിയിരുന്നു. എന്നാല്‍, ഇന്നലെ രാത്രി വീണ്ടുമിറങ്ങിയ കാട്ടാന ഇന്നലെയും ഫെന്‍സിങ്ങിലേക്ക് മരങ്ങള്‍ മറിച്ചിട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. തുടര്‍ന്ന്  തെങ്ങ്, വാഴ, കവുങ്ങ്, തുടങ്ങിയ വിവിധ കൃഷികൾ കാട്ടാനകള്‍ നശിപ്പിച്ചു. കൃഷിയിടത്തിലെ തെങ്ങ് അടക്കം ചൊവിടോടെ കുത്തി മറിച്ചിട്ട നിലയിലാണ്. മാവുകളുടെ കമ്പുകളും മറ്റും വലിച്ച് പൊട്ടിച്ച നിലയിലാണ്. കാട്ടാന ശല്യം രൂക്ഷമായതോടെ മുതലമടയിലെ കൃഷിക്കാര്‍ പ്രതിസന്ധിയിലായി. 

കഴിഞ്ഞ ദിവസം മുതലമടയിലിറങ്ങിയ കാട്ടാന കള്ളിയംപാറ വേലാംകാട്ടിൽ ചെന്താമരാക്ഷൻ, വാസുദേവൻ എന്നിവരുടെ തോട്ടത്തില്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. തെങ്ങും വാഴകളും കവുങ്ങുകളും ഉൾപ്പെടെയുള്ള കൃഷികളാണ് നശിപ്പിച്ചത്. ഇതിനിടെ പത്തനംതിട്ടയില്‍ കലഞ്ഞൂരിൽ വീണ്ടും പുലി ഇറങ്ങി. ടാപ്പിംഗ് തൊഴിലാളികളാണ് ഇന്നലെ രാവിലെ ഇഞ്ചപ്പാറയിൽ പുലിയെ കണ്ടത്. തുടർച്ചയായി ആറാം തവണയാണ് ഈ മേഖലയിൽ പുലിയുടെ സാന്നിധ്യത്തെ കുറിച്ച് നാട്ടുകാര്‍ പരാതിപ്പെടുന്നത്. പത്തനംതിട്ട കലഞ്ഞൂരിൽ  14 ദിവസത്തിനിടെ പുലിയിറങ്ങിയത് ആറ് തവണ. വീടുകളിലെ സിസിടിവികളിൽ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടും കൂട് സ്വാപിക്കാനോ മറ്റ് നടപടികളെടുക്കാനോ വനം വകുപ്പ് തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ യാതൊരു വിധ നടപടിയും എടുക്കാത്ത വനംവകുപ്പിന്‍റെ നടപടിയോട് നാട്ടുകാർ പ്രതിഷേധിച്ചു. അതേസമയം കൂട് സ്ഥാപിക്കാൻ വൈഡ് ലൈഫ് വാർഡന്‍റെ ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. 

കൂടുതല്‍ വായനയ്ക്ക്:   വില്‍പനക്കായി വീട്ടിൽ സൂക്ഷിച്ച 40 കിലോ അനധികൃത ചന്ദനത്തടികൾ വനം വകുപ്പ് പിടികൂടി; ഒരാൾ അറസ്റ്റിൽ

 

click me!