ആലപ്പുഴ നഗരത്തിൽ വയറിളക്കവും ഛർദിയും പകർന്നത് കുടിവെള്ളത്തിലൂടെയെന്ന് പ്രാഥമിക നിഗമനം

By Web TeamFirst Published Jun 29, 2021, 7:22 PM IST
Highlights

ശാസ്ത്രീയ പരിശോധനകൾക്ക് നഗരസഭാ ആരോഗ്യവിഭാഗം കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു...

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ  വയറിളക്കവും ഛർദിയും പകർന്നത് കുടിവെള്ളത്തിലൂടെയെന്ന് പ്രാഥമിക നിഗമനം. ബിരിയാണിയും കോഴിയിറച്ചിയും കഴിക്കാത്തവർക്ക് പോലും രോഗം കണ്ടെത്തുന്ന സാഹചര്യത്തിലാണ് കുടിവെള്ളത്തിലൂടെയാണ് രോഗം പകരുന്നതെന്ന് സംശയിക്കുന്നത്. 

ഇതിനെ തുടർന്ന് ശാസ്ത്രീയ പരിശോധനകൾക്ക് നഗരസഭാ ആരോഗ്യവിഭാഗം കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. തുടർന്നുള്ള പരിശോധനകളിലൂടെ മാത്രമേ ഇതു സ്ഥിരീകരിക്കുകയുള്ളു. ഇന്നും നഗരത്തിൽ  വയറിളക്കവും ഛർദിയും റിപ്പോർട്ട് ചെയ്തു. കടപ്പുറത്തെ വനിതകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ഇന്ന് 60 പേരാണ് ഛർദിയും ക്ഷീണവുമായാണെത്തിയത്. 

ഇതിൽ 10 പേരെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തു. വട്ടയാൽ വാർഡിലും സമീപപ്രദേശങ്ങിലെ വാർഡുകളിലും മറ്റുമാണ് പുതുതായി രോഗബാധിതരുള്ളത്. ആർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാത്തതാണ് കുടിവെള്ളത്തിന്റെതാണെന്ന നിഗമനത്തിലേക്കെത്തുന്നത്. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ പൈപ്പ് പൊട്ടലിനെ തുടർന്ന് ശുദ്ധജല പമ്പിങ് നടന്നിരുന്നില്ല.

ഇക്കാലയിളവിൽ സ്വകാര്യ ആർ.ഒ. പ്ലാന്റുകളെ ഉൾപ്പെടെ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിട്ടുണ്ട്. മതിയായ ശുദ്ധീകരണം നടക്കാത്ത ആർ.ഒ. പ്ലാന്റുകളിൽ നിന്നുള്ള വെള്ളത്തിലൂടെ ആരോഗ്യപ്രശ്നങ്ങളുണ്ടായതായും സംശയമുണ്ട്.  

click me!