
തൃശൂര്‍: തൃശൂര്‍ - ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമസ്ത തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ റോഡ് കോണ്‍ക്രീറ്റ് പണി നടത്തുന്നതിന് ഏകപക്ഷീയമായി റോഡുകള്‍ അടച്ചുകെട്ടിയതു മൂലം സര്‍വീസ് നടത്താന്‍ പറ്റാത്ത സാഹചര്യമാണെന്നാണ് പരാതി.
ഊരകം, ഇരിങ്ങാലക്കുട എന്നീ രണ്ടു സ്ഥലങ്ങളില്‍ റോഡ് കോണ്‍ക്രീറ്റ് പണി നടക്കുന്നതിനാല്‍ ബസുകള്‍ വഴിതിരിഞ്ഞു പോയാണ് സര്‍വീസ് നടത്തിവരുന്നത്. ബുധനാഴ്ച മുതല്‍ വെള്ളാങ്ങല്ലൂര്‍ പ്രദേശത്തും റോഡുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിയമാനുസൃത സമയ പ്രകാരം സര്‍വീസ് നടത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്.
തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പൂച്ചിന്നിപ്പാടം മുതല്‍ ഊരകം വരെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുതല്‍ ഠാണാ വരെയും കോണ്‍ക്രീറ്റിങ് നടന്നുവരികയാണ്. ഇവിടത്തെ പണി പൂര്‍ത്തിയാക്കാതെയാണ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജങ്ഷന്‍ മുതല്‍ കോണത്തുകുന്ന് വരെയുള്ള റോഡ് ബ്ലോക്ക് ചെയ്ത് കോണ്‍ക്രീറ്റിങ് പണികള്‍ ആരംഭിച്ചത്. ബസുടമകളുമായി ചര്‍ച്ച പോലും നടത്താതെ കെ.എസ്.ഡി.പിയുടെ അനുമതി വാങ്ങിയാണ് പണി ആരംഭിച്ചത്. ഇതുമൂലം ബസുകള്‍ക്ക് സമയത്തിന് ഓടിയെത്താന്‍ സാധിക്കില്ലെന്നാണ് പരാതി.
ഇതേതുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് ബസ് ഉടമസ്ഥ തൊഴിലാളി സംയുക്ത കോ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. എതിര്‍ദിശയില്‍നിന്ന് ഒരു ഓട്ടോറിക്ഷ വന്നാല്‍പോലും കടന്നുപോകാന്‍ പറ്റാത്ത വഴിയിലൂടെയാണ് ബസ് തിരിച്ചുവിടുന്നത്. 40 കിലോമീറ്റര്‍ ദൂരം വരുന്ന തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ 135 സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. ആര്‍.ടി.ഒ. അനുവദിച്ചു നല്‍കിയ സമയ പരിധിയേക്കാള്‍ 15 മിനിറ്റില്‍ കൂടുതല്‍ വൈകിയാണ് ഇപ്പോള്‍ തന്നെ സര്‍വീസ് നടത്തുന്നത്. ഇത് നിയമ ലംഘനമാണ്.
ഇക്കാരണത്താല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണെന്നും കലക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നതെന്നും ബസ് ഉടമകൾ പറഞ്ഞു. തങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ സര്‍വീസ് പുനരാരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam