സ്രവം പോലും പരിശോധിക്കാതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; മഞ്ചേരിയില്‍ ലാബ് അടപ്പിച്ചു

By Web TeamFirst Published Sep 18, 2021, 8:46 AM IST
Highlights

പ്രാഥമികാന്വേഷണത്തിൽ തന്നെ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ലാബ് പ്രവർത്തനമെന്നു കണ്ടെത്തി. ഇതോടെയാണ് മഞ്ചേരി നഗരസഭാ സെക്രട്ടറിയാണ് മുനിസിപ്പൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുഖേന സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടിസ് നൽകിയത്. 

പണം നല്‍കുന്നവര്‍ക്ക് പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ലാബ് അടച്ചുപൂട്ടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സഫ ലാബിനെ എതിരെയാണ് നടപടി.  ആധാർ കാർഡും പണവും നൽകിയാൽ സ്രവ പരിശോധന പോലുമില്ലാതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലാബ് നല്‍കുന്നത് വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ലാബിൽ പരിശോധന നടത്തുകയായിരുന്നു.

പ്രാഥമികാന്വേഷണത്തിൽ തന്നെ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ലാബ് പ്രവർത്തനമെന്നു കണ്ടെത്തി. ഇതോടെയാണ് മഞ്ചേരി നഗരസഭാ സെക്രട്ടറിയാണ് മുനിസിപ്പൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുഖേന സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടിസ് നൽകിയത്. ഇവിടെ നടന്ന  ക്രമക്കേട് കണ്ടെത്താൻ വിശദമായ പരിശോധന ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് വിശദമാക്കി.

ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ.കെ.പി.അഫ്സൽ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.വി.നന്ദകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷീന ലാൽ, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. അനിത, ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ ഡോ. എം.സി.നിഷിത്ത്, അഡ്മിനിസ്ട്രേഷൻ മെഡിക്കൽ ഓഫിസർ ഡോ. നവ്യ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!