Human rights : സ്വകാര്യ വ്യക്തി കുടിവെള്ളം മലിനമാക്കി; മണ്ണ് നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Nov 27, 2021, 6:43 AM IST
Highlights

പരാതിക്കാരിയുടെ വീടിനു സമീപമുള്ള പൊതു കിണറിൽ നിന്നാണ് പരാതിക്കാരിയും സമീപപ്രദേശത്ത് താമസിക്കുന്നവരും കുടിവെള്ളമെടുക്കുന്നത്. 

കോഴിക്കോട്: സ്വകാര്യ വ്യക്തി കെട്ടിടം നിർമ്മിക്കാൻ പൊതുവഴി അടക്കം മണ്ണിട്ട് നികത്തിയതു കാരണം കെട്ടിക്കിടക്കുന്ന മഴവെള്ളം പൊതു കിണറിലേക്കിറങ്ങി കുടിവെള്ളം മലിനമായെന്ന പരാതിയിൽ മണ്ണ് നീക്കി ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ  അംഗം കെ. ബൈജുനാഥ്. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. എരത്തിപ്പാലം സ്വദേശിനി കെ. എം. ചിന്നമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി.  

പരാതിക്കാരിയുടെ വീടിനു സമീപമുള്ള പൊതു കിണറിൽ നിന്നാണ് പരാതിക്കാരിയും സമീപപ്രദേശത്ത് താമസിക്കുന്നവരും കുടിവെള്ളമെടുക്കുന്നത്. പരാതിക്കാരിയുടെ വീട്ടിൽ പൈപ്പ് കണക്ഷനില്ല.  നാട്ടുകാർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമെടുത്തില്ലെന്നാണ് പരാതിയിൽ പറയുന്നത്.  കെ എം മുഹമ്മദലി എന്നയാളാണ് പരാതിക്കാരിയുടെ വീടിന് സമീപമുള്ള വസ്തുവിൽ കെട്ടിടം നിർമ്മിക്കുന്നത്.

കുടിവെള്ളം നിഷേധിക്കുന്നത് ഗൗരവമായെടുക്കുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മണ്ണ് നീക്കം ചെയ്ത് മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഡിസംബർ 3 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 

click me!