
തൃശൂർ: കൊയ്ത്ത് കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും സംഭരിക്കാന്‍ മില്ലുടമകളോ ഏജന്റുമാരോ തയാറാകാത്തതിനാൽ ഇരിങ്ങാലക്കുടിയൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് നെല്ല്. ഇരിങ്ങാലക്കുട മുരിയാട് പാടശേഖരത്തിലെ ഒരു കൂട്ടം കര്‍ഷകരാണ് പ്രതീക്ഷകള്‍ നശിച്ച അവസ്ഥയിലായിരിക്കുന്നത്. പുല്ലൂര്‍ പള്ളിക്കു സമീപമുള്ള സെന്റ് സേവിയേഴ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലും പള്ളി പറമ്പിലും ടണ്‍ കണക്കിന് നെല്ല് സംഭരിക്കാനാളില്ലാത്തതിനാല്‍ കെട്ടിക്കിടക്കുകയാണ്. മുരിയാട് പഞ്ചായത്തിലെ കൃഷിഭവന് കീഴിലെ പൊതുമ്പുചിറ പാടശേഖരത്തിലെ കര്‍ഷകര്‍ക്കാണ് ഈ ദുര്‍ഗതി നേരിടേണ്ടി വന്നിരിക്കുന്നത്. 80 ഏക്കര്‍ പാടശേഖരത്തിലെ കര്‍ഷകരുടെ കൊയ്‌തെടുത്ത നെല്ലാണ് ആരും സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്.
ഏറെ പ്രതീക്ഷയോടെ നെല്ല് കൊയ്തു കൂട്ടിയിട്ടിരിക്കുന്ന കര്‍ഷകരാണ് ഇപ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുന്നത്. പുല്ലര്‍ സെന്റ് സേവിയേഴ്‌സ് ആശ്രമം, ബാബു കോലങ്കണ്ണി, ശേഖരന്‍ കോച്ചേരി, ബിജു ചിറയത്ത്, വിക്രമന്‍ അമ്പാടന്‍, ജോസഫ് കോക്കാട്ട്, പ്രേമന്‍ തെക്കാട്ട് തുടങ്ങി നിരവധി കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള പാടശേഖരങ്ങളിലെ 60 ടണ്‍ നെല്ലാണ് സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്. പാട്ടത്തിനെടുത്ത് കൃഷി ചെയതവരുടെയും ഗതി ഇതുതന്നെയാണ്. കടം വാങ്ങിയും വായ്പയെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയംവച്ചും പണം കണ്ടെത്തി കൃഷിയിറക്കിയ കര്‍ഷകരുടെ വിളവെടുത്ത നെല്ലാണ് വില്‍ക്കാന്‍ കഴിയാതെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. നെല്ല് ഇനി എന്ന് സംഭരിക്കുമെന്ന് നിശ്ചയമില്ല. നെല്ലിന്റെ തൂക്കം നോക്കി കമ്പനിക്ക് അയക്കുന്ന സമയത്ത് വളരെ കൂടുതലായിട്ടുള്ള കിഴിവാണ് മില്ലുടമകള്‍ അവരുടെ ഏജന്റുമാര്‍ വഴി ആവശ്യപ്പെടുന്നത്. ഉണങ്ങി കിടക്കുന്ന നെല്ലിന് ഈര്‍പ്പം ഉണ്ടാകില്ല, അതിനാല്‍ തന്നെ കിഴിവിന്റെ ആവശ്യമില്ല. പിന്നെ ഇത് ആര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ് സപ്ലൈകോ ഉദ്യോഗസ്ഥരും മില്ലുടമകളും അവരുടെ ഏജന്റുമാരും ഇത്തരത്തിലുള്ള പരിശ്രമം നടത്തുന്നതെന്നാണ് കര്‍ഷകരുടെ പരാതി.
പണം മുടക്കി അധ്വനിച്ച് ബുദ്ധിമുട്ടുന്ന കര്‍ഷകന്റെ വിയര്‍പ്പിന്റെ ഉപ്പുകൂട്ടിയിട്ട് വേണോ ഈ കമ്പനിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചോറുണ്ണാനെന്ന് ആശ്രമത്തിന്റെ കീഴിലുള്ള പാടശേഖരത്തിന്റെ ചുമതലയുള്ള ഫാ. ജോസ് ചുങ്കത്ത് ചോദിക്കുന്നത്. നെല്ല് പാടത്ത് കിടക്കുന്നത് മൂലം മഴയെ ഭയന്നാണ് കര്‍ഷകര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഇപ്പോഴും പാടശേഖരത്തില്‍ കൊയ്ത്തു നടന്നു കൊണ്ടിരിക്കുകയാണ്. കാലടിയിലെ മില്ലുകാരാണ് ഈ മേഖലയില്‍നിന്നുള്ള നെല്ല് കൂടുതലായും സംഭരിച്ചിരുന്നത്. മഴ വരുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയും വെയിലെത്തുമ്പോള്‍ നെല്ലുണക്കിയും കര്‍ഷകര്‍ പാടുപെടുകയാണ്. ഒരു മഴ പെയ്താല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ കുതിര്‍ന്നുപോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മില്ലുകാര്‍ വന്ന് നെല്ല് പരിശോധിച്ചെങ്കിലും കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലവിൽ തുടരുന്നത്.
കൊയ്ത്തു കഴിഞ്ഞ് സൂക്ഷിക്കുന്ന നെല്ലില്‍ വേനല്‍മഴയില്‍ ഈര്‍പ്പമുണ്ടായി നെല്ല് നശിച്ചു പോകുന്ന സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. സിവില്‍ സപ്ലൈസ് മന്ത്രിയും കൃഷി മന്ത്രിയും കലക്ടറും മുരിയാട് പഞ്ചായത്ത് പ്രസിഡന്റും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഇടപെട്ട് കര്‍ഷകരെ സഹായിച്ച് നെല്ല് മില്ലുകള്‍ എത്രയും വേഗം ഏറ്റെടുക്കുന്നതിനും അതിന്റെ പണം എത്രയും വേഗം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നുമാണ് കര്‍ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം