
കൊല്ലം: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് സമ്പൂർണനിരോധനം കൊണ്ട് വരാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തെങ്കിലും കടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതി ഫണ്ട് ഇല്ലാത്തത് മൂലം ഏതാണ്ട് നിലച്ചിരിക്കുകയാണ്.
രണ്ട് വര്‍ഷം മുമ്പാണ് കൊല്ലം നീണ്ടകരയിൽ പൈലറ്റ് പദ്ധതിയായി ശുചിത്വ സാഗരം തുടങ്ങിയത്. തുറമുഖ വകുപ്പും ബോട്ട് ഓണേഴ്സ് അസോസിയേഷനും ഉള്‍പ്പടെ വിവിധ സംഘടനകള്‍ കൈകോർത്തായിരുന്നു പദ്ധതി. അമ്പതിനായിരം കിലോയിലേറെ പ്ലാസ്റ്റിക് കടലില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
26 സ്ത്രീകളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കുള്ള ശമ്പളം നല്‍കിയിരുന്നത് തുറമുഖ വകുപ്പായിരുന്നു. തുടക്കത്തില്‍ 9000 രൂപയായിരുന്ന ശമ്പളം പിന്നീട് 7000 രൂപയായി. എന്നാല്‍ കഴിഞ്ഞ അഞ്ചുമാസത്തിലേറെയായി ഇവര്‍ക്ക് ഈ ശമ്പളവും കിട്ടിയിട്ടില്ല. പദ്ധതി നടപ്പാക്കാനായി തുറമുഖ വകുപ്പിന് പ്രത്യേകം ഫണ്ട് ഇല്ലാത്തതും ബജറ്റില്‍ പ്രത്യേകം തുക അനുവദിക്കാത്തതുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. ഇപ്പോൾ പദ്ധതി തന്നെ നിന്ന് പോകുന്ന അവസ്ഥയാണ്.
കടലിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കിൽ നിന്ന് റോഡ്നിർമ്മാണത്തിന് ഉപയോഗിക്കാനാകുന്ന തരത്തില്‍ 26,000 കിലോ പ്ലാസ്റ്റിക് പൊടി തയ്യാറായി കഴിഞ്ഞു. ഇത് പൊതുമരാമത്ത് വകുപ്പിന് നല്‍ക്കുന്നതിലൂടെ ഒരു തുക കണ്ടെത്താനാകും. എന്നാല്‍ ഇതിന് ആരും മുൻകൈ എടുക്കുന്നില്ലെന്നാണ് പരാതി. സര്‍ക്കാര്‍ സഹായമില്ലാതെ പോയാൽ പദ്ധതി പൂര്‍ണമായും നിലയ്ക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam