Karipur Airport|ടെർമിനലിനടുത്ത് മൂന്ന് മിനിറ്റിലധികം വണ്ടിയിട്ടാൽ കീശകീറും; കരിപ്പൂരിൽ പാർക്കിം​ഗ് ഫീസ് കൊള്ള

By Web TeamFirst Published Nov 20, 2021, 10:03 AM IST
Highlights

യാത്രക്കാരെ കൊണ്ടുവിടാനും കൊണ്ടുപോകാനുമായി വിമാനത്താവളത്തിലെത്തുന്ന വാഹനത്തിന് ടെർമിനലിന് സമീപം മൂന്ന് മിനിറ്റ് സമയമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. അതു കഴിഞ്ഞാല്‍ പിഴ ഇടാക്കും. പിഴയെന്നു പറഞ്ഞാല്‍ ചെറിയ തുകയെന്നുമല്ല, അഞ്ഞൂറു രൂപയാണ്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ (Karipur Airport)  പാർക്കിംഗ് സമയക്രമം പരിഷ്ക്കരിച്ചതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ടെർമിനലിന് സമീപം വാഹനം മൂന്ന് മിനിറ്റിലധികം നിര്‍ത്തിയിട്ടാല്‍ പിഴ ഈടാക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. യാത്രക്കാരെ കൊണ്ടുവിടാനും കൊണ്ടുപോകാനുമായി വിമാനത്താവളത്തിലെത്തുന്ന വാഹനത്തിന് ടെർമിനലിന് സമീപം മൂന്ന് മിനിറ്റ് സമയമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.

അതു കഴിഞ്ഞാല്‍ പിഴ ഇടാക്കും. പിഴയെന്നു പറഞ്ഞാല്‍ ചെറിയ തുകയെന്നുമല്ല, അഞ്ഞൂറു രൂപയാണ് ഈടാക്കുന്നത്. ഗതാഗത കുരുക്കിനിടയില്‍ മൂന്ന് മിനിറ്റിനുള്ളില്‍ എങ്ങനെ യാത്രക്കാരെ ഇറക്കാനും കയറ്റി കൊണ്ട് പോകാനും കഴിയുമെന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. ട്രാഫിക് പരിഷ്കാരത്തിനെതിരെ വിവിധ സംഘടനകള്‍ വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.

ഇതര സംസ്ഥാന തൊഴിലാളികളെയാണ് പാര്‍ക്കിംഗ് ഫീസും പിഴയും ഈടാക്കാൻ കരാര്‍ കമ്പനി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ പെരുമാറ്റം മോശമാണെന്ന പരാതിയും ഉയരുന്നുണ്ട്. വിഷയത്തില്‍ എംപിയും എംഎല്‍എയുമടക്കമുള്ള ജനപ്രതിനിധികളും ഇടപെട്ടിട്ടുണ്ട്. സമയക്രം പരിഷ്കരിച്ചത് പുനപരിശോധിക്കുന്നത് പരിഗണിക്കാമെന്ന് ഡയറക്ടർ ജനപ്രതിനിധികളെ അറിയിച്ചു.

ഹജ്ജിന് ഇത്തവണയും കരിപ്പൂരിൽ നിന്ന് വിമാനമില്ല

രാജ്യത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ ഇത്തവണയും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളമില്ല. കൊച്ചിയിൽ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീർത്ഥാടനത്തിന് അനുമതിയുള്ളത്. കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണ പുനഃസ്ഥാപിക്കില്ല. മലബാർ മേഖലയിൽ നിന്ന് നിരവധിപ്പേർ ഹജ്ജിന് അപേക്ഷിക്കുന്നതിനാൽ കരിപ്പൂർ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും പരിഗണിച്ചില്ല. 

അതേസമയം, ഹജ്ജ് തീർത്ഥാടനത്തിനുള്ള മാർഗ്ഗരേഖ കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ജനുവരി 31 വരെ ഹജ്ജ് തീർത്ഥാടത്തിന് അപേക്ഷിക്കാം. അപേക്ഷകൾ പൂർണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണയും ഹജ്ജ് തീർത്ഥാടനം. രണ്ട് വാക്സീൻ ഡോസും എടുത്തവർക്ക് മാത്രമേ ഹജ്ജിന് അനുമതിയുണ്ടാകൂ. 

ഹജ്ജിന് ഇത്തവണയും കരിപ്പൂരിൽ നിന്ന് വിമാനമില്ല, എംബാർക്കേഷൻ കേന്ദ്രം കൊച്ചി മാത്രം
 

click me!