പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം, പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, ഒടുവില്‍ വാക്സീനെടുത്ത് മടക്കം

Web Desk   | Asianet News
Published : Jan 16, 2022, 02:42 PM ISTUpdated : Jan 16, 2022, 02:45 PM IST
പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം, പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, ഒടുവില്‍ വാക്സീനെടുത്ത് മടക്കം

Synopsis

പ്രതിദിനം 70 മുതൽ 90 പേർക്ക് വരെ ആന്റി റാബിസ് സിറം പാലക്കാട് ജില്ലാ ആശുപത്രിയിൽ ആവശ്യമായി വരുന്നുണ്ട്. അതുപോലെ തന്നെ  പ്രതിദിനം നൂറിലേറെപ്പേർക്ക് ഐഡിആർ വാക്സിനേഷൻ ആവശ്യമായി വരുന്നുണ്ട്. 

പാലക്കാട്: പേ വിഷ പ്രതിരോധ വാക്സീന് (Antirabies vaccine shortage) സർക്കാർ ആശുപത്രികളിൽ കടുത്ത ക്ഷാമം.   തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ​ഗുരുതരമായി മുറിവേൽക്കുന്നവർക്കും പേവിഷബാധക്ക് സാധ്യതയുള്ള കേസുകളിലും ആന്റി റാബിസ് സിറമാണ് (എആർഎസ്) നൽകുന്നത്. തെരുവുനായ്ക്കളുടെ കടിയേറ്റാൽ ഇൻട്രാഡെൽമൽ റാബിസ് വാക്സീനാണു സാധാരണ കുത്തിവയ്ക്കുന്നത്. പേവിഷബാധക്കെതിരെ കുത്തിവെടുപ്പ് വേണ്ടവർക്ക് വാക്സീനും സിറവും യഥാസമയം ലഭിക്കുന്നില്ല എന്നാണ് ആരോപണം. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകൾ എത്തിക്കുന്നത്. കൊവിഡ് മരുന്നു ശേഖരണത്തിന്റ പേരിൽ അഴിമതി നേരിടുന്നതാണ് മരുന്നുവിതരണത്തെ തടസ്സപ്പെടുത്തുന്നതെന്നും ആരോപണമുണ്ട്.  

പ്രതിദിനം 70 മുതൽ 90 പേർക്ക് വരെ ആന്റി റാബിസ് സിറം പാലക്കാട് ജില്ലാ ആശുപത്രിയിൽ ആവശ്യമായി വരുന്നുണ്ട്. അതുപോലെ തന്നെ  പ്രതിദിനം നൂറിലേറെപ്പേർക്ക് ഐഡിആർ വാക്സിനേഷൻ ആവശ്യമായി വരുന്നുണ്ട്. ഇവയ്ക്ക് ക്ഷാമം നേരിടുന്നത് ജനരോഷത്തിന് കാരണമായിട്ടുണ്ട്..  ജില്ലാ ആശുപത്രിയിലെ പേവിഷ പ്രതിരോധ വാക്സീൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. പരമാവധി വേ​ഗത്തിൽ വാക്സീൻ ലഭ്യമാക്കാൻ പരിശ്രമിക്കുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. 

പൂച്ചയുമായിട്ടാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പേവിഷ പ്രതിരോധ വാക്സീൻ ക്ഷാമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയത്. കാർഡ് ബോർഡ് പെട്ടിയിൽ സുരക്ഷിതമായിട്ടാണ് പൂച്ചയെ കൊണ്ടുവന്നതെങ്കിലും ബഹളത്തിനിടെയിൽ പൂച്ച പെട്ടിയിൽ ചാടിയോടിപ്പോയി. ചാടി ഓടുന്നതിനിടെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സദ്ദാം ഹുസൈന്റെ കയ്യിൽ പൂച്ച മാന്തുകയും ചെയ്തു. ഇദ്ദേഹം ജില്ലാ ആശുപത്രിയിൽനിന്ന് കുത്തിവയ്പെടുത്തശേഷമാണു മടങ്ങിയത്.

യൂത്ത് കോ‍ൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സദ്ദാം ഹുസൈൻ, സംസ്ഥാന നിർവാഹക സമിതി അംഗം എം.പ്രശോഭ്, നഗരസഭാംഗങ്ങളായ അനുപമ നായർ, പി.എസ്.വിബിൻ, ഭാരവാഹികളായ എൻ.നിഖിൽ, ദീപക്, ഹക്കിം കൽമണ്ഡപം, അഖിലേഷ് അയ്യർ, ലക്ഷ്മണൻ‍ കൽപാത്തി, എസ്.ഇല്യാസ്, നൗഫൽ പാലക്കാട്, ഇക്ബാൽ പേഴുങ്കര എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. 
         

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ