റോഡ് ടാറിംഗ് നടത്താത്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍ മേയറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

By Web TeamFirst Published Jan 7, 2019, 4:58 PM IST
Highlights

ഒരു വര്‍ഷമായി തകര്‍ന്നുകിടന്ന ഒല്ലൂരിലെ മേല്‍പ്പാലം റോഡ് ടാറിംഗ് നടത്താത്തതില്‍ പ്രതിഷേധിച്ച് മേയര്‍ അജിത വിജയനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.


തൃശൂര്‍: ഒരു വര്‍ഷമായി തകര്‍ന്നുകിടന്ന ഒല്ലൂരിലെ മേല്‍പ്പാലം റോഡ് ടാറിംഗ് നടത്താത്തതില്‍ പ്രതിഷേധിച്ച് മേയര്‍ അജിത വിജയനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. രണ്ടാഴ്ചക്കകം പ്രശ്‌നത്തിനു പരിഹാരം കാണാമെന്ന മേയര്‍ ഉറപ്പുനല്‍കിയതോടെ  ഉപരോധ സമരം പിന്‍വലിക്കുകയും ചെയ്തു.

രാവിലെയാണ് റോഡ് ടാറിംഗ് ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും നേതാക്കളും മേയറുടെ ചേംബറിന് മുന്നില്‍ സമരം തുടങ്ങിയത്. സമരത്തിനിടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ മേയര്‍ അജിത വിജയന്‍ ചര്‍ച്ചക്ക് ക്ഷണിച്ച് ഒത്തുതീര്‍പ്പ് സാധ്യത ഉണ്ടാക്കിയെങ്കിലും മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ഇടപെട്ട് ചര്‍ച്ച അട്ടിമറിച്ചതായി കൗണ്‍സിലര്‍ ജയ മുത്തിപീടിക ആരോപിച്ചു. തനത് ഫണ്ടില്‍ പണിനടത്താനുള്ള ഡിവിഷന്‍ കൗണ്‍സിലറുടെ തെറ്റായ തീരുമാനമാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും ബന്ധപ്പെട്ടവരുമായി വീണ്ടും ചര്‍ച്ച നടത്തി പരിഹാരം തേടാമെന്നുമുള്ള നിര്‍ദേശം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തള്ളി. ടാര്‍ ലഭിക്കാത്തതാണ് റോഡ് പണി അനന്തമായി നീണ്ടതിനു പിന്നില്‍.

 കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിന്ദു കുട്ടന്‍ പ്രതിനിധാനം ചെയ്യുന്ന തൈക്കാട്ടുശ്ശേരി ഡിവിഷനിലെ റോഡ് ഒരു വര്‍ഷമായി തകര്‍ന്നുകിടക്കുകയാണ്. ആറ് മാസം മുമ്പ് കോര്‍പ്പറേഷന്‍ റോഡ് ടാറിങ്ങിന് ടെണ്ടര്‍  നല്‍കിയതുമാണ്. എന്നാല്‍ തനത് ഫണ്ടില്‍ പണിയെടുക്കാന്‍ കരാറുകാര്‍ തയാറാകാത്തതുമൂലം പണി നടന്നിട്ടില്ല. ഇത് മൂലം പണി നടന്നിട്ടില്ല. ഇത് മനപൂര്‍വ്വമാണെന്ന് കാട്ടി ഒല്ലൂര്‍ മേഖലയിലെ കോണ്‍ഗ്രസുകാര്‍ സമരത്തിലായിരുന്നു. 

ഒല്ലൂര്‍ മേഖലയിലെ ബിന്ദുകുട്ടന്‍, ജയ മുത്തുപീടിക, ഷീന ചന്ദ്രന്‍, ഷോമി ഫ്രാന്‍സിസ്, കരോളി ജോഷ്വ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. തുടര്‍ന്ന് മറ്റ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സമരത്തില്‍ ചേര്‍ന്നു. സമരം പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെ മേയര്‍ അജിത വിജയന്‍ സമരം ചെയ്യുന്നവരെ വിളിപ്പിക്കുകയും അടിയന്തരമായി റോഡ് ടാര്‍ ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു.

click me!