
പത്തനംതിട്ട: കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന്, പത്തനംതിട്ട പെരുനാട് ളാഹയിൽ വീട്ടമ്മമാർ പഞ്ചായത്തിന്‍റെ കുടിവെള്ള വിതരണ ടാങ്കർ ലോറികൾ തടഞ്ഞു. അട്ടത്തോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വെള്ളം കൊണ്ട് പോവുകയായിരുന്ന ടാങ്കറുകളെയാണ് തടഞ്ഞത്.
ശബരിമല വനമേഖലയോട് ചേർന്ന് കിടക്കുന്ന ളാഹയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വീട്ടമ്മമാർ പ്രതിഷേധവുമായി എത്തിയത്. പെരുനാട് പഞ്ചായത്ത് ഇവിടെ വെള്ളം വിതരണം ചെയ്യാതെ അട്ടതോട്, നാറാണംതോട് മേഖലയിൽ മാത്രം വെള്ളം വിതരണം ചെയ്യുന്നതിനെതിരെയാണ് ടാങ്കർ ലോറികൾ തടഞ്ഞത്.
പല തവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും വെള്ളം എത്തിക്കാൻ നടപടി ഉണ്ടായില്ലെന്ന് വീട്ടമ്മമാർ പറയുന്നു. പൊലീസ് എത്തി ഒരു ടാങ്കർ ലോറിയിലെ വെള്ളം വിതരണം ചെയ്യാമെന്ന് അറിയിച്ചെങ്കിലും പഞ്ചായത്തിന്‍റെ ഉറപ്പ് ലഭിച്ചാൽ മാത്രമേ പിന്മാറു എന്ന നിലപാടിലായിരുന്നു സമരക്കാർ. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥലത്തെത്തി ടാങ്കറിലെ വെള്ളം പ്രദേശവാസികൾക്ക് വിട്ടുകൊടുത്തു.
ആഴ്ചയിൽ ഒരിക്കൽ ടാങ്കറിൽ വെള്ളം എത്തിക്കാമെന്ന ഉറപ്പ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വൈകിട്ടോടെ സമരക്കാർ പിരിഞ്ഞു പോയി. വേനൽ മഴ ലഭിച്ചിട്ടും ശബരമല വന മേഖലയോട് ചേർന്ന് കിടക്കുന്ന മേഖലകളിലെല്ലാം കുടിവെള്ള പ്രശ്നം രൂക്ഷമാണ്. പ്രശ്ന പരിഹാരത്തിന് കുടിവെള്ള പദ്ധതികൾ നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam