
തിരുവനന്തപുരം:പുത്തൻ വാഹനം വാങ്ങിയിട്ട് രണ്ട് ദിവസം പോലും തികച്ച് ഓടിക്കാൻ കഴിയാതെ തിരുവനന്തപുരം പൂന്തുറ സ്വദേശി വിൽഫ്രെഡ്. കരമന ചേരൻ ഷോറൂമിൽ നിന്ന് വാങ്ങിയ ഹീറോ പാഷൻ പ്രോ ബൈക്ക് സ്ഥിരം കേടാകുന്നതാണ് കാരണം. നിരവധി തവണ പരാതിപ്പെട്ടിട്ടും വാഹനം മാറ്റിത്തരാൻ കന്പനി തയ്യാറല്ലെന്ന് യുവാവ് പറയുന്നു.
ജനുവരി നാലിനാണ് 75000 രൂപ നൽകി വിൽഫ്രഡ് പുതിയ ബൈക്ക് വാങ്ങുന്നത്. കോവളത്തെ ഒരു ഹോട്ടലിലെ വെയ്റ്ററാണ് വിൽഫ്രഡ്. രണ്ടാം ദിവസം വണ്ടി ഓടിച്ച് ജോലി സ്ഥലത്തേക്ക് പോയപ്പോഴാണ് ആദ്യമായി വാഹനം പണിമുടക്കിയത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് ഇടയ്ക്കിടെ നിൽക്കാന്‍ തുടങ്ങിയതോടെ ബൈക്ക് കന്പനിയുടെ സർവ്വീസ് സെന്ററിലെത്തിച്ചു. എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് അന്നുതന്നെ തിരിച്ചേൽപ്പിച്ച വാഹനം അടുത്ത ദിവസം വീണ്ടും പണിമുടക്കി. വീണ്ടും വർക്ക് ഷോപ്പിൽ കയറ്റിയ വാഹനം ഇത്തവണ രണ്ട് ദിവസമെടുത്തു നന്നാക്കാൻ. പക്ഷെ അധികം താമസിയാതെ വീണ്ടും കേടായി. പീന്നീട് ഒരു തവണകൂടി ഈ നാടകം ആവർത്തിച്ചതോടെ വണ്ടി മാറ്റിത്തരണമെന്ന് വിൽഫ്രഡ് ആവശ്യപ്പെടുകയായിരുന്നു.
തകരാറെല്ലാം തീർത്തുകഴിഞ്ഞെന്നും വാഹനം വന്ന് കൊണ്ടുപോകണണെന്നുമാണ് കമ്പനിയുടെ നിലപാട്. ഇനിയും ഇത് ആവർത്തിക്കില്ലെന്ന് എന്താണുറപ്പെന്ന് വിൽഫ്രഡ് ചോദിക്കുന്നത്. എന്നാൽ, പണം തിരികെ നൽകാനോ, വാഹനം മാറ്റി നൽകാനോ കമ്പനിയുടെ അനുവാദമില്ലെന്നാണ് ഷോറൂം അധികൃതർ പറയുന്നത്. 100ൽ രണ്ട് വാഹനങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ അതെല്ലാം പരിഹരിച്ചെന്നാണ് ഷോറൂം അധികൃതരുടെ നിലപാട്. കമ്പനി കൈവിട്ടതോടെ, ഉപഭോക്തൃ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിൽഫ്രഡ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam