പാടശേഖരത്തേക്കുള്ള പൊതുവഴി കെട്ടിയടച്ചു, കെട്ടിക്കിടക്കുന്ന നെല്ല് ഉപേക്ഷിക്കേണ്ടി വരുമെന്ന് നാട്ടുകാർ; ദുരിതം

By Web TeamFirst Published Nov 13, 2022, 12:15 PM IST
Highlights

പല്ലാവൂരുകാർ ഓർമവച്ചനാൾ മുതൽ ഉപയോഗികുന്ന വഴിയാണ് ഇത്. 85 ഹെക്ടർ പാടശേഖരത്തിലേക്കുള്ള വഴിയും ഇത് മാത്രമാണ്.

പാലക്കാട് : പാലക്കാട് പല്ലാവൂരിൽ പ്രദേശവാസി പൊതുവഴി കെട്ടിയടച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാർ. വഴി തുറന്നു കൊടുക്കണമെന്ന ഹൈക്കോടതി വിധി ഉണ്ടായിട്ടും നടപ്പാക്കാൻ പൊലീസും സഹായിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതോടെ ഹെക്ടർ കണക്കിന് പാടത്ത് കൊയ്ത നെല്ല് പുറത്തേക്ക് കൊണ്ടു പോകാനാകാതെ മഴയിൽ നശിക്കുകയാണ്.

പല്ലാവൂരുകാർ ഓർമവച്ചനാൾ മുതൽ ഉപയോഗികുന്ന വഴിയാണ് ഇത്. 85 ഹെക്ടർ പാടശേഖരത്തിലേക്കുള്ള വഴിയും ഇത് മാത്രമാണ്. പെട്ടന്ന് ഒരു ദിവസം പ്രദേശവാസിയായ മോഹൻ ദാസ് ഈ വഴി കെട്ടിയടച്ചതോടെ 24 കുടുംബങ്ങളാണ് പെരുവഴിയിലായത്. ഇവിടുത്തുകാർ തലച്ചുമടായി വേണം രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ

പൊലീസിലും വില്ലേജിലും പഞ്ചായത്തിലും തഹസിൽദാർക്കും പരാതികൊടുത്തു. വഴി കെട്ടിയടച്ച സ്ഥലം കുടുംബ സ്വത്താണെന്നും ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് മോഹൻ ദാസ് ആദ്യം മറുപടി പറഞ്ഞത്. പിന്നീട് ഹൈക്കോടതിയിൽ നിന്ന് നാട്ടുകാർക്ക് അനുകൂലമായ വിധി വന്നിട്ടും വഴി അടഞ്ഞു തന്നെ കിടക്കുകയാണ്. ഇതോടെ കൊയ്തെടുത്ത നെല്ല് പാടത്തും റോഡിലും കിടന്ന് നശിക്കുന്ന അവസ്ഥയിലാണ്. അതേസമയം വഴി തുറന്നു കൊടുക്കാൻ മോഹൻദാസിന് നിർദേശം നൽകിയതായി കൊല്ലങ്കോട് പൊലീസ് പറയുന്നത്. വഴി തുറക്കാൻ ഇനിയും വൈകിയാൽ നെല്ല് തോട്ടിൽ കളയേണ്ടി വരുമെന്ന അവസ്ഥയിലാണ് കർഷകർ. 

click me!