ഇനിയും തുറക്കാതെ പൊതു ശൗചാലയം; ആ'ശങ്ക' മാറ്റാനാവാതെ മാന്നാർ

By Web TeamFirst Published Jun 27, 2022, 9:51 AM IST
Highlights

തിരക്കേറിയ പരുമലക്കടവിൽ കച്ചവടക്കാരും ഓട്ടോ-ടാക്സി തൊഴിലാളികളും യാത്രക്കാരുമെല്ലാം പൊതു ശൗചാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നു. ഗതികെട്ട് പലരും മാന്നാർ ടൗണിലെ പമ്പ് ഹൗസിനെ പൊതുശൗചാലയമാക്കി മാറ്റിയിരിക്കുകയാണ്...

ആലപ്പുഴ: തിരുവല്ല-കായംകുളം സംസ്ഥാനപാതയിലെ പ്രധാന ടൗണായ മാന്നാറിൽ എത്തുമ്പോൾ 'ശങ്ക' തോന്നിയാൽ ഒരു മാർഗ്ഗവുമില്ല. പൊതു ശൗചാലയം അന്വേഷിച്ച് നടന്നിട്ടും കാര്യമില്ല. പരുമലപ്പള്ളി, പനയന്നാർകാവ് ക്ഷേത്രം എന്നീ തീർഥാടനകേന്ദ്രങ്ങളിലേക്കും ഓട്ടുപാത്ര നിർമ്മാണ-വിപണന കേന്ദ്രമായ മാന്നാറിലേക്കും എത്തുന്നവർ 'ശങ്ക' തോന്നിയാൽ ഗതികേടിലാകും. തിരക്കേറിയ പരുമലക്കടവിൽ കച്ചവടക്കാരും ഓട്ടോ-ടാക്സി തൊഴിലാളികളും യാത്രക്കാരുമെല്ലാം പൊതു ശൗചാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നു. 

ഗതികെട്ട് പലരും മാന്നാർ ടൗണിലെ പമ്പ് ഹൗസിനെ പൊതുശൗചാലയമാക്കി മാറ്റിയിരിക്കുകയാണ്. മാന്നാർ മാർക്കറ്റ് ജംഗ്‌ഷന്‌ തെക്കുവശമുള്ള പാലക്കീഴിൽ റോഡിൽ മാന്നാർ പൊലീസ് സ്റ്റേഷന് വടക്ക് വശത്തായിട്ടാണ് പമ്പ് ഹൗസ് സ്ഥിതിചെയ്യുന്നത്. മാന്നാർ ടൗണിലേക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന പമ്പ് ഹൗസിന് മതിൽക്കെട്ടുണ്ടെങ്കിലും ഗേറ്റ് സ്ഥാപിച്ചിട്ടില്ലാത്തതതിനാൽ ആർക്കും യഥേഷ്ടം കയറി 'ശങ്ക'തീർത്ത് പോകാമെന്നതിനാൽ ദുർഗന്ധം കാരണം മൂക്ക്പൊത്തി നടക്കേണ്ട അവസ്ഥയാണെന്ന് പരിസരവാസികൾ പരാതിപ്പെടുന്നു.

മാന്നാർ സ്റ്റോർ ജംഗ്‌ഷനിൽ ബസ് സ്റ്റാന്റിന് സമീപം പൊതുശൗചാലയം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ വരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഭരണസമിതി എസ്റ്റിമേറ്റ് മാത്രം സമർപ്പിക്കുകയും കോടതിയുടെ കർശനനിർദ്ദേശം വന്നതോടെ ശൗചാലയം നിർമ്മിക്കുകയുമായിരുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ടുമുറിവീതവും സ്ത്രീകൾക്ക് വിശ്രമിക്കാനും കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കാനുമായി ഒരുമുറിയും ഉൾപ്പെടെ അഞ്ചുമുറികളാണ് നിർമ്മിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി അന്നത്തെ ഭരണസമിതി ഉദ്ഘാടനം നടത്താൻ തീരുമാനിച്ച ദിവസം പ്രതിപക്ഷം ഉദ്ഘാടനം നടത്തുകയും പിന്നാലെ ഭരണപക്ഷ ഉദ്ഘാടനവും നടക്കുകയും ചെയ്തെങ്കിലും ശൗചാലയം തുറന്നു കൊടുത്തിരുന്നില്ല.

2011 മുതൽ പൊതുജനങ്ങൾക്കും യാത്രക്കാർക്കും വേണ്ടി സാമൂഹ്യ പ്രവർത്തകൻ മാന്നാർ സുരഭി പീടിയേക്കൽ സുരേഷ് കുമാർ മനുഷ്യാവകാശ കമ്മീഷനിൽ പരാതികൊടുത്തതിന്റെ ഫലമായി 1350000 രൂപക്ക്‌ നിർമ്മിച്ച ടോയ്‌ലെറ്റ് 2018-19ൽ തുറന്നു കൊടുക്കുമെന്ന് പഞ്ചായത്ത്‌ സെക്രട്ടറി വിവരാവകാശ മറുപടി തന്നെങ്കിലും തുറന്നു കൊടുത്തില്ല. പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം പതിനേഴാം വാർഡ് കുടുംബശ്രീയെ ഇതിന്റെ പരിപാലനചുമതല ഏൽപ്പിക്കുകയും രണ്ടുദിവസം തുറന്നെങ്കിലും ഉപയോഗിക്കാൻ ആളില്ലാത്തതിനാൽ അടച്ചിടേണ്ടി വരികയും ചെയ്തു. വെള്ളം നല്ലതല്ലായെന്ന പരാതിയെത്തുടർന്ന് വീണ്ടും പുതിയ കിണറിനായി ഫണ്ടും അനിവദിച്ചിട്ടുണ്ട്. പൊതുലേലം ചെയ്ത് ശൗചാലയം കരാർ അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി പഞ്ചായത്ത് പറയുന്നു.

click me!