വ്യാപാരികളുടെ പ്രതിഷേധം ശക്തം; കെട്ടിടത്തിന്‍റെ ലേല നടപടികള്‍ പൊതുമരാമത്ത് വകുപ്പ് മാറ്റിവെച്ചു

By Web TeamFirst Published Nov 28, 2019, 1:52 PM IST
Highlights

കെട്ടിടം ലേലം ചെയ്യാനിരുന്ന പൊതുമരാമത്ത് വകുപ്പ് നടപടി കച്ചവടക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചു. 

ഇടുക്കി: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ലേല നടപടികള്‍ പ്രതിഷേധത്തിനെ തുടര്‍ന്ന് മാറ്റിവെച്ചു. വ്യാപാരികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ നേത്യത്വത്തില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ലേലം മാറ്റിവെച്ചത്.

2018 ഡിസംബര്‍ 27-നാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം ഇന്‍ഡസ്ട്രീസ് കമ്പനിയില്‍ നിന്നും ഭൂമിയും അനുബന്ധ കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തത്. സര്‍ക്കാരുമായി നിലനിന്നിരുന്ന കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഡിസംബര്‍ 17ന് കെട്ടിടത്തിന്റെ വാടകത്തുക പൊതുമരാമത്ത് വകുപ്പിന് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കമ്പനി കച്ചവടക്കാര്‍ക്ക് കത്തുനല്‍കി. എന്നാല്‍ കച്ചവടം നടത്തുന്നതിന് കെട്ടിവെച്ച കരാര്‍ തുക നല്‍കുന്നതിന് മലയാളം ഇന്‍ഡസ്ട്രീസ് കമ്പനി തയ്യറായില്ല.

സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ 2019 നവംബര്‍ 30 വരെ കച്ചവടം നടത്തുന്നതിന് കടമുറികള്‍ പൊതുമരാമത്ത് വകുപ്പ് ഉടമ്പടി പ്രകാരം കൈമാറി. കരാര്‍ അവസാനിക്കുന്നതിന് മുബുതന്നെ അധികൃതര്‍ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചതാണ് പ്രതിഷേധത്തിന് കാരണം. രാവിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി കെ രമ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ജേക്കബ് ജോര്‍ജ്ജ് എന്നിവരുടെ നേത്യത്വത്തില്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും വ്യാപാരികള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ എന്നിവരുടെ നേത്യത്വത്തില്‍ തടയുകയായിരുന്നു.

ടെണ്ടര്‍ നടപടികള്‍ മറ്റിവെയ്ക്കണമെന്നും, തമിഴിലും മലയാളത്തിലും പത്രപരസ്യം നല്‍കണമെന്നും എന്നുമായിരുന്നു വ്യാപാരികളുടെ ആവശ്യം. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നത്തെ ടെണ്ടര്‍ നടപടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി. വെള്ളിയാഴ്ച വീണ്ടും ടെണ്ടര്‍ നടത്തുമെന്നാണ് അധിക്യതര്‍ പറയുന്നത്. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ മിനിറ്റ്‌സായി രേഖപ്പെടുത്തി.കെട്ടിടത്തില്‍ ബാങ്കുള്‍പ്പെടെ 24 ചെറുകിട സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 47 ലക്ഷം രൂപയോളം സ്വകാര്യ കബനി ഇവര്‍ക്ക് നല്‍കാനുമുണ്ട്. ഇതില്‍ ബാങ്കിനെ ഒഴിവാക്കി മറ്റു സ്ഥാപനങ്ങള്‍ ഒഴിയണമെന്നാണ് നോട്ടിസ് നല്‍കിയത്.  സര്‍വ്വെ നംബര്‍ 62/3b ഉള്‍പ്പെട്ട ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് നിലവില്‍ പട്ടയമില്ലെന്നുള്ളതാണ് വാസ്ഥവം.

പഞ്ചായത്ത് രേഖകളില്‍ സര്‍വെ നമ്പര്‍, സ്ഥാപനം നടത്തുന്ന വിവരങ്ങള്‍, കെട്ടിടം സ്ഥിതി ചെയ്യുന്ന മേഖല എന്നിവ രേഖപ്പെടുത്തിയിട്ടുമില്ല. ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് സബ് കളക്ടറിന്റെ ഓഫീസ് അറിയിച്ചു. വ്യാഴാഴ്ച നടക്കുന്ന ടെണ്ടര്‍ നടപടികള്‍ തടയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഏകപക്ഷീയമായ നടപടികള്‍ ചോദ്യം ചെയ്ത് വ്യാപാരികള്‍ കോടതിയെ സമീപിക്കുകയും ചെയ്തു.
 

click me!