ആലപ്പാട്ടെ ഖനനം: പുലിമുട്ട് നിര്‍മ്മാണ പദ്ധതിയും നിലച്ചു

By Web TeamFirst Published Jan 21, 2019, 9:00 AM IST
Highlights

45 കോടി ഒറ്റയ്ക്ക് താങ്ങാൻ സാധിക്കാത്തതിനാല്‍ കേന്ദ്ര സഹായം ലഭ്യമാക്കാൻ ശ്രമം നടത്തി. ഒടുവില്‍ നബാര്‍ഡ് പുലിമുട്ട് നിര്‍മ്മിക്കാൻ വായ്പ തരാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

ആലപ്പാട്: ആലപ്പാട് തീരം സംരക്ഷിക്കാനുള്ള പുലിമുട്ട് നിര്‍മ്മാണ പദ്ധതിയും പാതി വഴിയില്‍ നിലച്ചു. നബാര്‍ഡ് ഫണ്ട് തരാമെന്ന് ഏറ്റിട്ടും പഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും സമര്‍പ്പിക്കാത്തതിനാലാണ് പദ്ധതി മുടങ്ങിയത്. കടലാക്രമണവും വേലിയേറ്റവും ശക്തമായ സ്രായിക്കാട്, ചെറിയഴീക്കല്‍, പണിക്കര്‍കടവ് എന്നിവിടങ്ങളില്‍ പുലിമുട്ട് നിര്‍മ്മാനായിരുന്നു സര്‍ക്കാര്‍ പദ്ധതി.

45 കോടി ഒറ്റയ്ക്ക് താങ്ങാൻ സാധിക്കാത്തതിനാല്‍ കേന്ദ്ര സഹായം ലഭ്യമാക്കാൻ ശ്രമം നടത്തി. ഒടുവില്‍ നബാര്‍ഡ് പുലിമുട്ട് നിര്‍മ്മിക്കാൻ വായ്പ തരാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പുലിമുട്ടിന്‍റെ രൂപ കല്‍പ്പനയും പഠനവും ചെന്നൈ ഐഐടിയോ കൊച്ചി ആസ്ഥാനമായ കമ്പനിയോ ആണ് നടത്തേണ്ടത്. സംസ്ഥാന സര്‍ക്കാരിന്‍റെ അപേക്ഷ പ്രകാരം അവര്‍ പഠനം നടത്തി. പക്ഷേ അതിന് ചെലവായ 42 ലക്ഷം രൂപ ഇത് വരെയും സര്‍ക്കാര്‍ നല്‍കിയില്ല. പഠന റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ നബാര്‍ഡ് വായ്പയും നിഷേധിച്ചു. 

രണ്ട് വര്‍ഷത്തോളമായ പുലിമുട്ട് നിര്‍മ്മിക്കുന്നതിനുള്ള നടപടികളില്‍ ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുന്നു. 2004 ല്‍ സുനാമിക്ക് ശേഷം തീരം മുഴുവനും പുലിമുട്ടിട്ട് സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. കുറേ സ്ഥലങ്ങളില്‍ കടല്‍ ഭിത്തി കെട്ടിയതൊഴിച്ചാല്‍ അത് പൂര്‍ണ്ണമായും നടപ്പിലായില്ല. ഖനനം നടക്കുന്ന തീരത്ത് വിവിധ ഭാഗങ്ങളില്‍ മൂന്ന് പുലിമുട്ടിടുമെന്ന് ഐആര്‍ഇ വാഗ്ദാനം ചെയ്തിരുന്നു. അതിലൊന്നിന്‍റെ ഉദ്ഘാടനം മാത്രമാണ് ഒരു മാസം മുൻപ് നടന്നത്. 

click me!