ഭിന്നശേഷിക്കാ‍ർക്കുളള മുച്ചക്രവാഹനങ്ങൾ കേടായി; തിരിച്ചറിഞ്ഞത് താക്കോൽദാനത്തിന് തൊട്ടുമുൻപ്

By Shyjil K KFirst Published Jan 20, 2019, 10:43 PM IST
Highlights

പത്തൊമ്പത് മുച്ചക്ര വാഹനങ്ങളാണ് മഞ്ചേരി നഗരസഭ വിതരണത്തിനായി കൊണ്ടുവന്നത്. താക്കോലുകള്‍ കൈമാറാന്‍ ഭിന്നശേഷിക്കാരെ വിളിച്ചുവരുത്തുകയും ചെയ്തു. തൊട്ടുപിന്നാലെ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ കേടായവയാണെന്ന് വ്യക്തമായത്.

ഭിന്നശേഷിക്കാര്‍ക്ക് നല്‍കാനായി മലപ്പുറത്തെ മഞ്ചേരി നഗരസഭയിലെത്തിച്ച മുച്ചക്ര വാഹനങ്ങള്‍ പലതും ഉപയോഗശൂന്യമായവ. നഗരസഭാ അധികൃതര്‍ ഇടപെട്ട് ഇവ തിരിച്ചയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് പ്രതിപക്ഷമായ എൽ ഡി എഫ് ന്‍റെ ആവശ്യം. പത്തൊമ്പത് മുച്ചക്ര വാഹനങ്ങളാണ് മഞ്ചേരി നഗരസഭയിൽ വിതരണത്തിനായി കൊണ്ടുവന്നത്. താക്കോലുകള്‍ കൈമാറാന്‍ ഭിന്നശേഷിക്കാരെ വിളിച്ചുവരുത്തുകയും ചെയ്തു. തൊട്ടുപിന്നാലെ നടത്തിയ പരിശോധനയിലാണ് വാഹനം കേടായവയാണെന്ന് വ്യക്തമായത്. 

പതിനഞ്ച് ലക്ഷം രൂപക്കാണ് നഗരസഭ  മുച്ചക്ര വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 78000 രൂപ വീതം നൽകി. കെല്‍ട്രോണിനായിരുന്നു കരാര്‍ നല്‍കിയിരുന്നത്. ഇവര്‍ നല്‍കിയ ഉപകരാര്‍ പ്രകാരം തിരൂരിലെ ഏജന്‍സിയാണ് വാഹനങ്ങൾ എത്തിച്ചത്. ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ വാഹനങ്ങള്‍ തിരികെ ഷോറൂമിലേക്ക് കൊണ്ടുപോയി. പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കെല്‍ട്രോണിന്‍റെ മറുപടി. യു ഡി എഫ് ന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ ഇത് രാഷ്ട്രീയ വിഷയമാക്കുകയാണ് പ്രതിപക്ഷമായ എൽ ഡി എഫ്.


.

click me!