പ്രളയം കഴിഞ്ഞിട്ടും തീരാസങ്കടങ്ങളില്‍ പുല്‍പ്പള്ളിയിലെ കര്‍ഷകര്‍

By Web TeamFirst Published Sep 23, 2018, 6:49 AM IST
Highlights

കുരുമുളകിനോടൊപ്പം മറ്റുവിളകളും നശിക്കുകയാണ്. തോരാതെ പെയ്ത മഴയില്‍ കമുകിലെ പച്ച അടക്കമുഴുവന്‍ പൊഴിഞ്ഞുവീണു. മഹാളിരോഗബാധയില്‍ കഷ്ടപ്പെടുന്നതിനിടക്കാണ് ഉണ്ടായിരുന്ന അടക്ക കൂടി നഷ്ടപ്പെട്ടത്. ഡിസംബറില്‍ വിളവെടുക്കാന്‍ ഇനി ഒന്നും ബാക്കിയില്ലെന്ന അവസ്ഥയിലാണ് കമുക് കൃഷിയുടെ സ്ഥിതി

കല്‍പ്പറ്റ: വയനാട്ടിലെ കറുത്ത പൊന്നിന്റെ നാട് എന്നാല്‍ പുല്‍പ്പള്ളിയായിരുന്നു. കാര്‍ഷികവിപണിയില്‍ അത്രക്കും തലയെടുപ്പുണ്ടായിരുന്നു പുല്‍പ്പള്ളിയില്‍ നിന്നെത്തുന്ന കുരുമുളകിന്. എന്നാല്‍ പ്രളയം കഴിഞ്ഞ മാസങ്ങള്‍ പിന്നിടുമ്പോള്‍ ഈ വിപ്ലവമണ്ണില്‍ കര്‍ഷകരുടെ കണ്ണീരു വീഴുന്ന കാഴ്ചയാണ്. കാലവര്‍ഷം കലിതുള്ളിയെത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞത് കര്‍ഷകരുടെ പ്രതീക്ഷകള്‍ കൂടിയാണ്. 

മുള്ളന്‍കൊല്ലിയടക്കമുള്ള പ്രദേശങ്ങളില്‍ ഏറെയും കുരുമുളക് കര്‍ഷകരാണ്.  പ്രളയത്തിന് ശേഷം തനിവിളയായി കുരുമുളക് കൃഷിയിറക്കിയവര്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണിന്ന്. വിലത്തകര്‍ച്ചയില്‍ കാലിടറി നില്‍ക്കുന്നതിനിടെയാണ് ഇടിത്തീ പോലെ പ്രളയവുമെത്തിയത്.

വെള്ളമിറങ്ങിയെങ്കിലും ഒരു കൊടിപോലും തിരിച്ചു കിട്ടാത്ത വിധത്തില്‍ നശിക്കുന്നതാണ് ഇവിടുത്തെ കാഴ്ച. കഴിഞ്ഞ വര്‍ഷം ക്വിന്റലിന് അറുപതിനായിരത്തോളം രൂപയുണ്ടായിരുന്ന കുരുമുളകിന് പകുതി വിലപോലും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. അതിനിടക്കാണ് പ്രളയവും വരള്‍ച്ചയും സര്‍വ്വതും നശിപ്പിച്ചത്. ദിവസങ്ങളോളം നനഞ്ഞുകുതിര്‍ന്ന വള്ളികളെല്ലാം കടുത്ത വെയിലില്‍ കരിഞ്ഞുണങ്ങി നില്‍ക്കുന്ന സങ്കടക്കാഴ്ചയാണെങ്ങും.

കുരുമുളകിനോടൊപ്പം മറ്റുവിളകളും നശിക്കുകയാണ്. തോരാതെ പെയ്ത മഴയില്‍ കമുകിലെ പച്ച അടക്കമുഴുവന്‍ പൊഴിഞ്ഞുവീണു. മഹാളിരോഗബാധയില്‍ കഷ്ടപ്പെടുന്നതിനിടക്കാണ് ഉണ്ടായിരുന്ന അടക്ക കൂടി നഷ്ടപ്പെട്ടത്. ഡിസംബറില്‍ വിളവെടുക്കാന്‍ ഇനി ഒന്നും ബാക്കിയില്ലെന്ന അവസ്ഥയിലാണ് കമുക് കൃഷിയുടെ സ്ഥിതി. തെങ്ങിന്റെ സ്ഥിതിയും മറിച്ചല്ല. മിക്ക തോട്ടങ്ങളിലും നിറയെ മച്ചിങ്ങ പൊഴിഞ്ഞു കിടക്കുന്ന കാഴ്ചയാണ്. കാന്താരി മുളക് കൃഷിയിലേര്‍പ്പെട്ടവര്‍ക്കും ഒരു മുളക് പോലും പറിച്ചെടുക്കാനായില്ല. 

കൊക്കോ കൃഷി ഏറെയുള്ള പ്രദേശത്ത് ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൊക്കോ മരങ്ങളില്‍ കായ്കള്‍ക്കെല്ലാം കറുത്ത നിറം ബാധിച്ചിരിക്കുന്നു. മൊറട്ടോറിയം പ്രഖ്യാപിച്ചാലും പ്രത്യേക പാക്കേജിലുള്‍പ്പെടുത്തി സര്‍ക്കാര്‍ സഹായം ലഭ്യമാക്കിയെങ്കില്‍ മാത്രമേ കുരുമുളക് അടക്കമുള്ള കാര്‍ഷിക മേഖലകളെ തിരിച്ച് പിടിക്കാന്‍ കഴിയൂ.

ജില്ലയുടെ മറ്റു ഭാഗങ്ങളിലും സ്ഥിതി മറിച്ചല്ല. ഇതിനിടെ കൃഷിനാശമുണ്ടായ മുള്ളന്‍കൊല്ലിയിലെ കുരുമുളക് തോട്ടം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. സന്ദര്‍ശിച്ചു. പുല്‍പ്പള്ളിയിലെ കാര്‍ഷിക മേഖലകള്‍ വിദഗ്ദ സംഘം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു.

click me!