
കല്‍പ്പറ്റ: ഫയര്‍ഫോഴ്‌സ് ഒക്കെ സ്ഥലത്ത് എത്തുമ്പോഴേക്കും ഏറെക്കുറെ ഞങ്ങളുടെ പ്രതീക്ഷകള്‍ പോയിക്കാണും. മരണം ഉറപ്പിച്ചിരിക്കും. കബനിയിലുണ്ടാകുന്ന അപകടങ്ങളില്‍ അധികൃതരുടെ രക്ഷാപ്രവര്‍ത്തനം വൈകുന്നതിനെതിരെ പ്രദേശവാസികളുടെ വാക്കുകളാണിത്. കബനിയില്‍ അപകടമുണ്ടായാല്‍ സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് കിലോമീറ്ററുകളേറെ താണ്ടി വേണം ഫയര്‍ഫോഴ്‌സ് സേനയ്ക്ക് സ്ഥലത്തെത്താന്‍. ബത്തേരിയില്‍ നിന്ന് പുല്‍പ്പള്ളി ടൗണിലേക്ക് മാത്രം 30നടുത്ത് കിലോമീറ്റര്‍ ദൂരമുണ്ട്.
ഇവിടെ നിന്ന് പിന്നെയും പത്ത് കിലോമീറ്റര്‍ ദുരം താണ്ടി വേണം കബനിയുടെ തീരങ്ങളിലെത്താന്‍. പലപ്പോഴും വാഹനം വേഗത്തില്‍ ഓടിച്ചുപോകാന്‍ കഴിയാത്ത ദുര്‍ഘട കാട്ടുപാതകളുമാകാം. ഇതുകാരണം പിന്നെയും സമയമെടുത്താലെ ഫയര്‍ഫോഴ്‌സിന് അപകടസ്ഥലങ്ങളില്‍ എത്തിപ്പെടാനാകൂ. ഇന്നലെ കൂട്ടത്തോണി മറിഞ്ഞ് ആദിവാസി വയോധികനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം നാലുമണിക്കാണ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ എത്തിച്ചേരാനായത്. ബത്തേരി സ്‌റ്റേഷനില്‍ നിന്നാണ് ആദ്യം വാഹനമെത്തിയത്.
എന്നാല്‍ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കില്ലാത്തതിനാല്‍ തിരച്ചിലിനുള്ള ഫൈബര്‍ ബോട്ട് അടക്കമുള്ള സംവിധാനങ്ങളുമായി മാനന്തവാടി സ്‌റ്റേഷനില്‍ നിന്ന് മറ്റൊരു യൂണിറ്റ് കൂടി എത്തിയാണ് ഏറെ വൈകി അധികൃതര്‍ തിരച്ചില്‍ തുടങ്ങിയത്. നാട്ടുകാര്‍ ഇതിനകം തന്നെ പുഴയിലിറങ്ങി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ട് അപകടങ്ങളാണ് കബനിനദിയിലുണ്ടായത്. ഇതടക്കം ഈ വര്‍ഷം അഞ്ച് പേരുടെ ജീവന്‍ നഷ്ടമായി.
ഏറ്റവും ഒടുവില്‍ നടന്ന രണ്ട് അപകടങ്ങളില്‍ ആദ്യത്തേതില്‍ പെരിക്കല്ലൂരിലെ കടവില്‍ സ്ഥിരം കടത്തുകാരനായിരുന്നു മരണപ്പെട്ടത്. ഇന്നലെ കുട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ആദിവാസി വയോധികന്‍ കുള്ളന്‍ (60) നെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്നത്തെ തിരച്ചില്‍ മോശം കാലാവസ്ഥയും വെള്ളത്തിന്റെ തണുപ്പും കാരണം നേരത്തെ തന്നെ നിര്‍ത്തേണ്ടി വന്നു. കബനിയുടെ ഏറെ ഭാഗവും ഒഴുകുന്നത് വനത്തോട് ചേര്‍ന്നാണ്. ഇത് കാരണം വാഹനങ്ങളില്‍് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയില്ല.
ഇക്കാര്യം പരിഗണിച്ചെങ്കിലും പുല്‍പ്പള്ളിയില്‍ ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി ഈ ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതര്‍ അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല. കടത്തുകാരന്റെ മരണത്തെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം കനത്തപ്പോള്‍ ബത്തേരി ഫയര്‍സ്റ്റേഷന്‍ അധികൃതര്‍ പുല്‍പ്പള്ളിയിലെത്തി പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ നപടികള്‍ക്ക് വേഗം കൂടു എന്നാണ് നാട്ടുകാരുടെ പക്ഷം.