വായ്പാ നടപടിക്രമങ്ങളിൽ കൃത്രിമം: പുല്‍പ്പള്ളി സർവീസ് സഹകരണബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

By Web TeamFirst Published Dec 26, 2018, 2:35 PM IST
Highlights

ബാങ്ക് സെക്രട്ടറി കെ ടി രമാദേവി, ഇന്റേണൽ ഓഡിറ്ററായ പി യു തോമസ് എന്നിവർ സാമ്പത്തികനേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ വായ്പാനടപടി ക്രമങ്ങളിൽ കൃത്രിമം കാണിച്ചെന്നാണ് റിപ്പോര്‍ട്ട്.

കൽപ്പറ്റ: സർവീസ് സഹകരണബാങ്ക് ഭരണസമിതിയെ നീക്കംചെയ്ത് സഹകരണവകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാർ ഉത്തരവിറക്കി. സഹകരണനിയമം വകുപ്പ് 32(2) പ്രകാരമാണ് ഉത്തരവ്. സുൽത്താൻബത്തേരി സഹകരണസംഘം അസിസ്റ്റന്‍റ്. രജിസ്ട്രാർ ഓഫീസിലെ യൂണിറ്റ് ഇൻസ്പെക്ടറെ ബാങ്കിന്റെ പാർട് ടൈം അഡ്മിനിസ്ട്രേറ്ററായി ആറുമാസത്തേക്ക് നിയമിച്ചു. ബാങ്ക് ഭരണസമിതിയംഗങ്ങൾ, ബാങ്ക് സെക്രട്ടറി കെ ടി രമാദേവി, ഇന്റേണൽ ഓഡിറ്ററായ പി യു തോമസ് എന്നിവർ സാമ്പത്തികനേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ വായ്പാനടപടി ക്രമങ്ങളിൽ കൃത്രിമം കാണിച്ചതായും വ്യാജരേഖകൾ ചമച്ചതായി ബോധ്യപ്പെട്ടതായും ഉത്തരവിലുണ്ട്. 

രേഖകൾ നശിപ്പിക്കുക, വിശ്വാസവഞ്ചന, കുറ്റാരോപിതരെ സംരക്ഷിക്കുക, ബാങ്കിന്റെ പണം ദുർവിനിയോഗം ചെയ്യുക, നിയമവിരുദ്ധമായി വായ്പ നൽകി ബാങ്കിന്റെ പണം നഷ്ടപ്പെടുത്തുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ കണ്ടെത്തിയതായി ഉത്തരവിൽ പരാമർശിക്കുന്നു. സുപ്രീംകോടതിയും ഹൈക്കോടതിയും സമാനസാഹചര്യങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായങ്ങളിലെ മാർഗനിർദേശങ്ങൾ ഉൾക്കൊണ്ടാണ് ഭരണസമിതിയെ നീക്കം ചെയ്യുന്നതിന് ജോയിന്റ് രജിസ്ട്രാർ ഉത്തരവിറക്കിയത്.

സഹകരണവകുപ്പ് നടത്തിയ ഹിയറിങിൽ ഭരണസമിതിയിലെ ടി പി മുകുന്ദൻ, ഫിലോമിന കാഞ്ഞൂക്കാരൻ, എൻ യു ഉലഹന്നാൻ എന്നിവർ ഹാജരായി ബാങ്ക് പ്രസിഡന്റും ചില ഭരണസമിതിയംഗങ്ങളുംചേർന്ന് തങ്ങളെ കബളിപ്പിച്ചതാണെന്നും വകുപ്പ് 65 പ്രകാരമുള്ള അന്വേഷണറിപ്പോർട്ടിലെ കണ്ടെത്തലുകൾ വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും നിയമ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും പറഞ്ഞിട്ടുള്ളതായി ഉത്തരവിൽ പറയുന്നു. 

കഴിഞ്ഞ ഒക്ടോബറിലാണ് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നത്. ഇതിന് പിന്നാലെ കോൺഗ്രസിൽ ഭിന്നത രൂപപ്പെട്ടു. അതിപ്പോഴും തുടരുകയാണ്. പാർട്ടിക്കുള്ളിൽനിന്നും യൂത്ത് കോൺഗ്രസിൽനിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടിൽനിന്ന് പാർട്ടി പിൻവാങ്ങണമെന്ന് എ ഗ്രൂപ്പ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു.  അന്വേഷണറിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഫിലോമിന കാഞ്ഞൂക്കാരൻ, ടി.പി. മുകുന്ദൻ എന്നിവർ ഭരണസമിതിയിൽ നിന്ന് രാജിവെച്ചിരുന്നു.

മറ്റൊരംഗമായ സണ്ണി തോമസ് 2015-ൽ ഭരണസമിതിയിൽനിന്ന് രാജിവെക്കുകയും അന്വേഷണസംഘത്തിന് മൊഴി നൽകുകയും ചെയ്തിരുന്നു. ഇതിനിടെ കെ.കെ. അബ്രഹാമിനെയും മറ്റ് ഭരണസമിതി അംഗങ്ങൾ ആയിരുന്ന പാർട്ടി പ്രവർത്തകരെയും പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസിക്ക് പരാതി നൽകാൻ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. സഹകരണബാങ്കിൽ ക്രമക്കേട് നടത്തിയ ഭരണസമിതിയംഗങ്ങൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. 

click me!