
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ വിളക്കുപാറ സാബു വിലാസത്തിൽ എ.ആർ. ബാബു (74) വിനെയാണ് വാർഡിലെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടത്. പ്രമേഹബാധയെ തുടർന്ന് കാലിൽ ശസ്ത്രക്രിയയ്ക്കായാണ് ദിവസങ്ങൾക്ക് മുമ്പ് ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരികമായ അസ്വസ്ഥതകൾ കൊണ്ട് ഉറങ്ങാൻ കഴിയുന്നില്ല എന്ന പലതവണ ബാബു ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. ജീവനക്കാർ ഇത് കാര്യമാക്കിയിരുന്നില്ല. ഇന്നലെ രാത്രി 12 മണി വരെ ബുദ്ധിമുട്ട് മൂലം ഇദ്ദേഹം കട്ടിലിൽ തന്നെ ഇരുന്നിരുന്നതായാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. അർധരാത്രിയ്ക്ക് ശേഷം വാർഡിലെ മറ്റൊരു രോഗിയാണ് കട്ടിലിനടിയിൽ ബാബു അബോധാവസ്ഥയിൽ കിടക്കുന്നതായ്കണ്ടത്. വാർഡിൽ ഉണ്ടായിരുന്ന നഴ്സുമാരെ വിവരമറിയിച്ചെങ്കിലും രോഗിയെ കട്ടിലിലേക്ക് കിടത്തുവാനോ അടിയന്തര ചികിത്സ ലഭ്യമാക്കാനോ തയ്യാറായില്ല എന്നാണ് ആക്ഷേപം.
ആശുപത്രിയിലെ ഉന്നതരെ വിളിച്ച് വിവരമറിയിച്ച ശേഷം അവരുടെ നിർദ്ദേശപ്രകാരമായിരുന്നു തുടർ നടപടി. അപ്പോഴേക്കും രോഗി മരിച്ചിരുന്നു. കട്ടിലിന്റെ താഴ്ഭാഗത്തെ കമ്പിയിൽ തല കുടുങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. മരണകാരണം വ്യക്തമാക്കുന്നതിന് പോസ്റ്റ്മോർട്ടം ആവശ്യമാണെന്നിരിക്കെ ഇതിന് തയ്യാറാകാതെ വളരെ വേഗം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയായിരുന്നു ആശുപത്രി അധികൃതർ. ആശുപത്രിയുടെ വീഴ്ച മറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് ആരോപണം. നൈറ്റ് ഡ്യൂട്ടിക്കായി വാർഡിൽ ജീവനക്കാർ ഉണ്ടായിട്ടും രോഗിക്ക് ചികിത്സ ലഭ്യമാക്കാതിരുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബാബുവിന്റെ മരണകാരണം വ്യക്തമാകാതിരുന്നിട്ടും അസ്വാഭാവിക മരണത്തിന് കേസെടുക്കാൻ പുനലൂർ പൊലീസ് തയ്യാറാകാത്തതിലും പ്രതിഷേധം ശക്തമാണ്. ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam