
കൊല്ലം: പുനലൂർ മുക്കടവിലെ റബ്ബർ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലാണ്.
മലയോര ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന റബ്ബർ തോട്ടത്തിൽ ഇന്ന് കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് ജോലികൾ ഇല്ലാത്തതിനാൽ കാടുമൂടി കിടന്നിരുന്ന ഈ ഭാഗത്തേക്ക് അധികമാരും വരാറില്ല. ഏകദേശം ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് കരുതുന്ന മൃതദേഹം ഒരു സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന്റെ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരുന്നു. ചങ്ങലയുടെ ഒരറ്റം റബ്ബർ മരത്തിൽ കെട്ടിയ നിലയിലുമായിരുന്നു. പുനലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ മരണകാരണത്തിലും ആളെ തിരിച്ചറിയുന്നതിലും വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam